കോവിഡ് 19മായി ബന്ധപ്പെട്ട് തോട്ടം മേഖലയിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ തൊഴിൽവകുപ്പ് പുറത്തിറക്കി. മസ്റ്ററിംഗ്, ശമ്പള വിതരണം, തേയിലയുടെ തൂക്കം നിർണ്ണയിക്കൽ എന്നിവ നടക്കുമ്പോൾ തോട്ടം തൊഴിലാളികൾ സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കണം. വേണ്ട ക്രമീകരണങ്ങൾ മാനേജ്‌മെന്റ് ഒരുക്കണം. ഇവിടങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പാക്കണം. തോട്ടങ്ങളിലെ കാന്റീനുകൾ, ക്രഷുകൾ എന്നിവിടങ്ങളിൽ സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവയുടെ മതിയായ അളവിലുള്ള ലഭ്യത മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. ലയങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും, വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യണം. ലയങ്ങളിൽ തൊഴിലാളികളോ, കുടുംബങ്ങളോ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം.
വിദേശികൾ, സന്ദർശകർ എന്നിവർ തോട്ടങ്ങളിൽ വരുന്നത് തീർത്തും നിരുത്സാഹപ്പെടുത്താൻ മാനേജ്‌മെന്റ് ശ്രദ്ധിക്കേണ്ടതും തോട്ടം തൊഴിലാളികൾ ഇവരുമായി അടുത്തിടപെഴകുന്നതിനുള്ള സാഹചര്യം കർശനമായും ഒഴിവാക്കുകയും ചെയ്യണം. തൊഴിലാളികളുടെ യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളി യൂണിയനുകൾ പി•ാറണം. തോട്ടങ്ങളിലെ ഡിസ്‌പെൻസറികളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ തൊഴിലാളികളുടെ മാതൃഭാഷയിൽ എഴുതി തയ്യാറാക്കി തോട്ടങ്ങളിൽ പ്രദർശിപ്പിക്കണം. ഉച്ചഭാഷിണിയിൽ പ്രചാരണം നടത്തണം. വ്യക്തി ശുചിത്വം പാലിക്കേണ്ടതിനെക്കുറിച്ചും, കോവിഡ് 19നെക്കുറിച്ചും അവബോധം തോട്ടം തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുവാൻ മാനേജ്‌മെന്റ് ശ്രമിക്കണം.
തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നതിന് മുൻപും മറ്റുള്ളവർ ഉപയോഗിക്കുന്ന സാധനങ്ങളും, സ്ഥലങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിന് മുൻപും സോപ്പ് ഉപയോഗിച്ച് കൈകളും, നഖങ്ങളും ശുചിയാക്കേണ്ടതും കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമാണ്. ഈ കാര്യം മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പ് കോവിഡ് 19മായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് മാനേജ്‌മെന്റ് ഉറപ്പുവരുത്തണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. പനി, ചുമ, തുമ്മൽ ഉള്ളവരുമായി മൂന്നടി അകലം തോട്ടം തൊഴിലാളികൾ പാലിക്കണം. മാനേജ്‌മെന്റ് ഇവർക്ക് സൗജന്യമായി മാസ്‌ക് നൽകണം. രോഗലക്ഷണമുള്ളവർ അവരവരുടെ വാസസ്ഥലങ്ങളിൽ തന്നെ കഴിയുകയും ഉടൻ വൈദ്യസഹായം തേടുകയും വേണം. പനി ബാധിതരായ തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങൾ ബന്ധപ്പെട്ട പ്ലാന്റേഷൻ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലും ആരോഗ്യവകുപ്പിലും അറിയിക്കണം.