പാലക്കാട് ജില്ലയില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 133 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരന്‍ അറിയിച്ചു. ഇന്ന് (മാര്‍ച്ച് 26) ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കാണിത്.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 133 പേര്‍ക്കെതിരെയാണ്  കേസെടുത്തിരിക്കുന്നത്. ഇതില്‍ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ 75 ലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പോലീസ്  സ്വീകരിക്കുന്നത്. എ.ആര്‍ ക്യാമ്പ് അംഗങ്ങള്‍ അടക്കം 1800 ഓളം പോലീസുകാരെയാണ്  വാഹന പരിശോധനയ്ക്കും മറ്റുമായി ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്.

അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍, നിരീക്ഷണത്തില്‍ കഴിയണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍, വിദേശരാജ്യങ്ങളില്‍ നിന്നും  നാട്ടിലെത്തിയിട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, ആളുകളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയത്തിനുശേഷം വ്യാപാരസ്ഥാപനങ്ങളും കടകളും അടയ്ക്കാത്തവര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കായി പുറത്തു പോകുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്  തടസ്സങ്ങള്‍ ഇല്ലെന്നും പോലീസ്  അറിയിച്ചു.