മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും പോകുന്ന ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കി തുടങ്ങി. ഒരു വാഹനത്തിന് ഒരാഴ്ചത്തേക്കാണ് പാസ് അനുവദിക്കുന്നത്. ജില്ലാകലക്ടര്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഒപ്പിട്ട പാസാണ് നല്‍കുന്നത്. ലഭിക്കുന്ന പാസിനോടൊപ്പം ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും യാത്രയില്‍ കരുതേണ്ടതുണ്ട്.
നിലവില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവരുടെ ഒപ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഒരാഴ്ച കാലാവധി കഴിഞ്ഞാല്‍ പാസ് വീണ്ടും പുതുക്കി വാങ്ങണം. സംസ്ഥാനത്തിന് പുറത്ത് പോയ വാഹനമാണെങ്കില്‍ യാത്ര കഴിഞ്ഞെത്തിയ ശേഷം ആ വാഹനത്തിന്റെ ഡ്രൈവറും സഹായിയും

14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയെണമെന്നാണ് നിബന്ധന. അതേ സമയം മറ്റൊരു ഡ്രൈവറുടെ പേരില്‍ വാഹനത്തിന് വീണ്ടും പാസിനായി അപേക്ഷിക്കാം. പാസിനായി കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്  0483 -2734 990 എന്ന നമ്പറിലോ vehiclepassmpm@gmail.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം.