തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ ജാഗ്രതയോടെ കളക്ടറേറ്റിലെ കോൾ സെന്റർ. ജില്ലാ ഭരണകൂടത്തിന്റെ  കീഴിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിലാണ് 24 മണിക്കൂറും കോൾസെന്റർ പ്രവർത്തിക്കുന്നത്. 1077 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് കോൾസെന്ററലേക്ക് വിളിക്കാം. ട്രാഫിക് ഒഴിവാക്കാനായി 12 ലൈനുകൾ സജ്ജീകരിച്ചിരിക്കുന്നു. ദിവസസേനെ 450-ലധികം ഫോൺ കോളുകളാണ് ഇവിടെ ലഭിക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാലിനാണ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായാണ്  കോൾ സെന്ററിന്റെ  പ്രവർത്തനം. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,   ജൂനിയർ പബ്ലിക് ഹെൽത്ത് സെന്റർ ട്രെയിനീസ് എന്നിവരടങ്ങുന്ന സംഘമാണ് സേവനമൊരുക്കുന്നത്. കൂടാതെ പോലീസ്, ഫയർ ആൻഡ്  റെസ്‌ക്യൂ, റവന്യൂ, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ഡെപ്യൂട്ടി കളക്ടർ അനു.എസ്. നായരുടെ മേൽനോട്ടത്തിലാണ്  കോൾ സെന്ററിന്റെ  പ്രവർത്തനം.

സ്വയം നിരീക്ഷണത്തിൽ കഴിയുന്നത് സംബന്ധിച്ചും രോഗലക്ഷണങ്ങൾ സംബന്ധിച്ചുമുള്ള ആശങ്കകളായിരുന്നു  ആദ്യദിവസങ്ങളിൽ അധികവും. ഡോക്ടർമാർ അടങ്ങുന്ന സംഘം ഫോൺകോളുകൾക്ക് കൃത്യമായ പരിഹാരം നിർദ്ദേശിക്കുകയും വീടുകളിൽ സ്വയം നിരീക്ഷണം ആവശ്യമുള്ളവർക്ക് അതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

ഇവിടെ നിന്ന് വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ തൊട്ടടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാദിവസവും ഇവിടെ നിന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയ വ്യക്തികളെ വിളിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. കൗൺസിലിംഗ് ആവശ്യമായവർക്ക് അതിനുള്ള സംവിധാനവും നൽകുന്നു.

നിരീക്ഷണത്തിൽ കഴിയുന്ന  വ്യക്തികൾ പുറത്തിറങ്ങി നടക്കുന്ന പരാതിയും കോൾ  സെന്റർ കൈകാര്യം ചെയ്യുന്നുണ്ട്.  ഇത്തരം പരാതികൾ ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസിന്റെയും  സഹായത്തോടെയാണ്  പരിഹരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെ  കൂടുതൽ പരാതികൾ  വരികയാണെങ്കിൽ അത്തരക്കാരെ  കൊറോണ സെന്ററി ലേക്ക്  മാറ്റാനുള്ള നടപടികളും ഇവിടെ നിന്ന് സ്വീകരിക്കുന്നു.