കാക്കനാട്: അവശ്യ സാധനങ്ങളുടെ ലഭ്യതയും ദൗര്‍ലഭ്യമുള്ള സാധനങ്ങളുടെ വിവരങ്ങളും കൃത്യമായി അറിയിക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ്. ജില്ലയിലെ അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ മൊത്ത വ്യാപാരി സംഘടനകളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ആഴ്ചയും കുറവുള്ള സാധനങ്ങളുടെ വിവരങ്ങള്‍ ജില്ല സപ്ലൈ ഓഫീസര്‍ മുഖാന്തരം അറിയിക്കണമെന്നും കളക്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഭക്ഷണം നല്‍കുന്നതിനു പുറമെ ബിസ്‌ക്കറ്റ് പോലുള്ളവ ഉള്‍പ്പെടുത്തിയ കിറ്റും നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു. അവശ്യമെങ്കില്‍ അവരുടെ മെഡിക്കല്‍ ചെക്കപ്പ് നടത്തി രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം. അതിര്‍ത്തി ജില്ലകളില്‍ നിന്ന് വാഹനം അണുവിമുക്തമാക്കി മാത്രമേ കടന്നു പോകാവു എന്നും കളക്ടര്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി.

അവശ്യ സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം മടങ്ങിയെത്തുന്ന ചെറു വാഹനങ്ങള്‍ കടത്തി വിടാനായി പോലീസിന് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം മടങ്ങുന്ന വാഹനങ്ങള്‍ പോലീസ് തടയുന്നു എന്ന് വ്യാപാരികള്‍ കളക്ടറെ അറിയിച്ചതിനെ തുടര്‍ന്നാണിത്.