പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനത്തിനു കുറവില്ല, അതിനാല്‍ തന്നെ കേസുകളും വര്‍ധിക്കുന്നതായി കണക്കുകള്‍. രണ്ടുദിവസത്തിനിടെ ജില്ലയില്‍ ആകെ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 589 പേരെ അറസ്റ്റ് ചെയ്തതായും 481 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തുകടന്നതിന് എടുത്ത 12 കേസുകളും ഇതില്‍പെടുന്നു.
കോവിഡ് 19 വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാതലങ്ങളിലും തുടരുമ്പോഴും ജനങ്ങള്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നത് ഒട്ടും ആശാസ്യമല്ല. വ്യക്തമായ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ വാഹനങ്ങളുമായും അല്ലാതെയും പുറത്തിറങ്ങുന്നതും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നവര്‍ അതു ലംഘിക്കുന്നതും ജില്ലാ പോലീസ് തടയുമെന്നും നിയമ നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രധാന റോഡിലൂടെയുള്ളതും ഉള്‍വഴികളിലൂടെയുള്ളതുമായ  നിയമാനുശ്രിതമല്ലാത്ത എല്ലാ വാഹനഗതാഗതവും ഡ്രോണുകള്‍ ഉപയോഗിച്ചും പരിശോധന നടത്തി നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോകളും വീഡിയോകളും പരിശോധിച്ച് നിയമ നടപടി  തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.