പത്തനംതിട്ട:  അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തെ അന്യര്‍ത്ഥമാക്കുകയാണ് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം. തങ്ങളുടെ കരുതല്‍ നാട്ടുകാര്‍ക്കൊപ്പം അതിഥി തൊഴിലാളികള്‍ക്കും വീതിച്ചുനല്‍കി സമൂഹത്തിനാകെ മാതൃകയാകുകയാണ് ഈ പോലീസുകാര്‍.
അതിഥി തൊഴിലാളികളുടെ നിരവധി ക്യാമ്പുകളാണ് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളത്. കോവിഡ് 19 ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിലെ അതിഥി തൊഴിലാളികളാണ് സ്പോണ്‍സര്‍മാര്‍ ഉണ്ടായിട്ടും ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നത്.
ഇത് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ പായിപ്പാട് സംഭവത്തിനു മുന്‍പുതന്നെ അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങി. സന്നദ്ധസംഘടനകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി എത്തിക്കുന്ന 20 പൊതിച്ചോറുകളും അവര്‍ ക്യാമ്പുകളില്‍ കഴിയുന്ന അതിഥിതൊഴിലാളികള്‍ക്കായി നീക്കിവച്ച് തങ്ങള്‍ക്കുള്ള ഭക്ഷണം വീടുകളില്‍നിന്ന് കൊണ്ടുവരുന്നു.
എന്നുംരാവിലെ  11 കഴിയുമ്പോഴേക്കും ക്യാമ്പുകളിലേക്ക് നേരിട്ട് വിളിച്ചാണ് ഇവര്‍ ഭക്ഷണം വേണ്ടവരെ കണ്ടെത്തുന്നത്. കമ്യൂണിറ്റി കിച്ചണില്‍ നിന്നും മറ്റും ഭക്ഷണം ലഭിക്കാത്തവര്‍ക്കായി ഇവര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി തങ്ങളുടെ സ്നേഹ പൊതിച്ചോറുകള്‍ കൈമാറുന്നു. കൂടെ ഇവര്‍ക്കുവേണ്ട നിര്‍ദേശങ്ങളും ബോധവത്കരണങ്ങളും നല്‍കിയാണ് മടങ്ങുന്നത്.
സ്ത്രീകളും കുട്ടികളും അടക്കം ആറാട്ടുപുഴയിലെ ക്യാമ്പില്‍ ആറ് വര്‍ഷത്തിലേറെയായി കഴിഞ്ഞിരുന്ന 17 പേര്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും ദൗര്‍ലഭ്യമുണ്ടെന്ന് അറിഞ്ഞ പോലീസുകാര്‍ സ്വന്തംകൈയ്യില്‍ നിന്ന് മൂവായിരത്തിലധികം രൂപാ പിരിച്ച് തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണകിറ്റുകളും വെള്ളവും എത്തിച്ചു നല്‍കി. അരിയും, ഗോതമ്പുമൊക്കെ അടങ്ങിയ കിറ്റാണ് ഇവര്‍ എത്തിച്ചുനല്‍കിയത്.
ആറാട്ടുപുഴയില്‍ ഭക്ഷണകിറ്റ് നല്‍കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആറന്മുള ജനമൈത്രി പോലീസിന്റെ സഹജീവികളോടുള്ള കരുതലിന്റെ നേര്‍ക്കാഴ്ചയാണ് വീഡിയോയിലൂടെ കാണാനാകുക. അതിഥി തൊഴിലാളികളുടെ കരുതലില്‍ ഒരുപടി മുന്നിലാണ് ആറന്മുള ജനമൈത്രി പോലീസ്.
ആറന്മുള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
എസ്.ഐമാരായ കെ.ദിജേഷ്, സി.കെ വേണു,  എ.എസ്.ഐമാരായ സനല്‍, ജയകുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജി.അജിത്ത്, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം ഉദയചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് രവീന്ദ്രന്‍, പോലീസ് ട്രെയിനി വിഷ്ണു കെ. രാജേന്ദ്രന്‍ എന്നിവരാണ് ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.