കാക്കനാട് : കഴിഞ്ഞ നാല് ദിവസമായി ഹലോ ഭായ് നമസ്തേ, ജുഹാർ, നമസ്ക്കാരോ, നമസ്ക്കാർ കൊല്ലാം തുടങ്ങിയ ഹിന്ദി, ഒഡിയ, ബംഗാളി, അസാമി, ഇംഗ്ലീഷ്, ബംഗ്ലാദേശ്, എന്നീ വാക്കുകളാണ് കൂടുതലായി കേൾക്കുന്നത്. ലോക്ക് ഡൗൺ മൂലം വിവിധ ആവശ്യങ്ങളും ആവലാധികളുമായി വിളിക്കുന്ന അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ ആശ്വാസമാവുകയാണ് കളക്‌ട്രേറ്റ് കൺട്രോൾ റൂമിലെ കോൾ സെൻ്റർ. നാഷണൽ ഹെൽത്ത് മിഷന് കീഴിലെ പതിനൊന്ന് മൈഗ്രൻ്റ് ലിങ്ക് വർക്കേഴ്സാണ് അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 150ലധികം അതിഥി തൊഴിലാളികളുടെ കോളുകളാണ് കോൾ സെൻ്ററിൽ എത്തിയത്. പലർക്കും ഭക്ഷണം കിട്ടാനില്ല , നാട്ടിൽ പോകണം, ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല, വാടക വീട്ടിൽ നിന്നും ഉടമസ്ഥർ ഇറക്കി വിട്ടു, ക്വാറൻ്റൈനിൽ എങ്ങനെ ഇരിക്കണം എന്ന് തുടങ്ങിയുള്ള വിവിധ പരാതികളും അന്വേഷണങ്ങളുമാണ് ദിവസവും എത്തുന്നത്. പെരുമ്പാവൂർ , ആലുവ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കോളുകളും എത്തുന്നത്.

ജില്ലാ ഭരണകൂടത്തിൻ്റെ അതിഥി ദേവോ ഭവ പ്രോജക്ടിൻ്റെ കീഴിലാണ് ട്രെയിനിംഗ് ലഭിച്ച പതിനൊന്ന് മൈഗ്രൻ്റ് ലിങ്ക് വർക്കർമാരും പ്രവർത്തിക്കുന്നത്. ഓരോ മാസവും 50 അതിഥി തൊഴിലാളികളുടെ വീട് ഇവർ സന്ദർശിച്ച് ആരോഗ്യ ബേധവത്ക്കരണം നൽകുന്നുണ്ട്. അതിന് പുറമെ ആവാസ് കാർഡിൻ്റെ പ്രയോജനം വിവിധ ആശുപത്രികളിൽ നിന്ന് ലഭിക്കാൻ വേണ്ട സഹായവും ഇവർ ഒരുക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കമ്പനികളിലെ അതിഥി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഇവർ ബോധവത്ക്കരണം നടത്തിയിരുന്നു.