കൂടുതൽ രോഗവ്യാപന ഭീഷണിയുയർന്ന കാസർകോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നുതന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും പട്ടിക തയാറാക്കും.

കാസർകോട് മെഡിക്കൽ കോളേജിൽ കോവിഡ് സെന്റർ പ്രവർത്തനം തുടങ്ങുകയാണ്. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ടെസ്റ്റിങ്ങിന് ഐസിഎംആർ അനുമതി ലഭിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്- 163 പേർ. കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. കോവിഡ്19 സ്ഥിരീകരിക്കുന്നത് സംബന്ധിച്ച ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. ലാബുകൾ കൂടുതൽ സാമ്പിൾ എടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാസ്‌കുകളുടെ കാര്യത്തിൽ ദൗർലഭ്യമില്ല. എൻ 95 മാസ്‌ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവർക്കു മാത്രം മതി എന്നതടക്കമുള്ള മാർഗനിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് ചുമതലപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനുള്ള സഹായസഹകരണങ്ങൾ നൽകാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. പല ഘട്ടങ്ങളിലും അവരെ പരിഹസിക്കുന്നതായും മറ്റും ആക്ഷേപം വന്നിട്ടുണ്ട്. അത്തരം പ്രവണത നല്ലതല്ല. ആദരിക്കാൻ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കുന്ന നില വരരുത്. ഇക്കാര്യം സർക്കാർ ഗൗരവമായി കാണും.

മുംബെയിൽനിന്നും ഡെൽഹിയിൽനിന്നും മറ്റും ആശുപത്രികളിലെ നഴ്സുമാർ രോഗഭീതിയിൽ വിളിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരിൽ മലയാളി സാന്നിധ്യമുണ്ട്. അവരുടെ സുരക്ഷയുൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടർമാർ മുഖേന നൽകി മുൻകരുതൽ എടുത്തിട്ടുമുണ്ട്.