ബന്ധുക്കൾ സത്യവാങ്മൂലം നൽകണം

ജീവൻരക്ഷാമരുന്നുകൾ ആവശ്യമായവർക്ക് ആശുപത്രിയിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചുനൽകുന്ന സംവിധാനം നിലവിൽ വന്നു. ബന്ധുക്കളാണ് മരുന്നുകൾ എത്തിച്ചുനല്കുന്നതെങ്കിൽ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നൽകേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കേരളത്തിലെവിടെയും ജീവൻരക്ഷാമരുന്ന് എത്തിച്ചു നൽകാനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് 112 എന്ന നമ്പറിൽ വിളിച്ചു സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മരുന്ന് എത്തിച്ചു നൽകുകയോ ചെയ്യാം. ജില്ലയ്ക്കകത്തു മരുന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ജനമൈത്രി പോലീസിന്റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിമാർ നിർവ്വഹിക്കും.

സംസ്ഥാനത്തെമ്പാടും മരുന്ന് എത്തിച്ചു നൽകുന്നതിന് തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേ പട്രോൾവാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി , കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എന്നിവർക്കാണ് ഈ പദ്ധതിയുടെ ചുമതല. ദക്ഷിണ മേഖല ഐ ജി ഹർഷിത അത്തല്ലൂരി മേൽനോട്ടം വഹിക്കും. ഫാർമസിസ്റ്റ്മാർ, ഡോക്ടർമാർ, ആശുപത്രികൾ, രോഗികളുടെ ബന്ധുക്കൾ എന്നിവർക്ക് ഈ സേവനം വിനിയോഗിക്കാം.