മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച ലഭിച്ചത് ലഭിച്ചത് 32,01,71,627 രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വൈദ്യുതി ബോർഡിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഒരുമാസത്തെ ശമ്പളം നൽകാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം എം മണി ഏൽപിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളിലെ ആശുപത്രികളിൽ വെന്റിലേറ്റർ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്ഇബി നേരത്തേ നൽകിയിരുന്നു. കേരള പവർ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ഒരുകോടി രൂപ സംഭാവന നൽകി.
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നൽകി.
കൊല്ലം കോർപ്പറേഷൻ ഒരുകോടി രൂപ നൽകി. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സഹകരണസംഘം, കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻഎന്നിവർ 50 ലക്ഷം രൂപ വീതവും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും നൽകി. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിർദേശത്തെ ഐഎൻടിയുസി സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കാസർകോട് മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രാഥമിക സഹായമായി 65 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. എൻഡോസൾഫാൻ ഇരകൾക്കായി സത്യസായി ട്രസ്റ്റ് നിർമിച്ച വീടുകൾ കോവിഡ് ഐസൊലേഷനായി വിട്ടുനൽകാം എന്ന് അറിയിച്ചിട്ടുണ്ട്.
കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് ചരക്കുനീക്കവും രോഗികളുടെ സഞ്ചാരവും ഉറപ്പാക്കുന്നതിന് ഇടപെടാമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.