കാക്കനാട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവര്‍ക്ക് ഇനി പോലീസ് കൃഷിപാഠങ്ങള്‍ കൂടി പഠിപ്പിക്കും. സംസ്ഥാനത്ത് പച്ചക്കറികൃഷി ഊര്‍ജ്ജിതമാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അനുസരിച്ച് കൃഷി വകുപ്പ് ജീവനി പദ്ധതയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് വിതരണത്തിനായി എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകളും, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.

ഈ പദ്ധതിയില്‍ പോലീസ് സേനയ്ക്കും വിതരണത്തിനായി ആവശ്യത്തിന് വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ജീവനി പദ്ധതിയുടെ ഭാഗമായ വിത്ത് പായ്ക്കറ്റുകള്‍ കൂടി നല്‍കും. വിത്ത്് പായ്ക്കറ്റുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

ഈ മാസം ഏഴാം തീയതിയ്ക്കകം എല്ലാ ജില്ലകളിലും വിതരണത്തിനായി വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. പച്ചക്കറികൃഷി വ്യാപന പദ്ധതിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ 2017 കേന്ദ്രങ്ങളാണ് ജില്ലാഭരണകൂടം കണ്ടെത്തിയിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, ഇതിന് പുറമേ തൊഴിലാളികള്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്കാവശ്യമായ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യക്തമാക്കി. റേഷന്‍ വിതരണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത റേഷന്‍ കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.