ആടി തീർക്കാനാകാഞ്ഞ രാവണ വേഷത്തിനായി മുഖത്ത് തേയ്ച ചായവുമായി തുമ്പോട് സർക്കാർ എൽ.പി. സ്‌കൂളിന്റെ അരങ്ങിൽ മടവൂർ ആശാൻ എന്ന് സ്വന്തം നാട്ടുകാർ നൽകിയ വിളിപ്പേരുള്ള, കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ ചേതനയറ്റ ശരീരം. ചുറ്റും കണ്ണീരോടെ നാട്ടുകാർ. ഒരു നാടിന്റെ മുഴുവൻ സ്‌നേഹവും കണ്ണീരും ഏറ്റുവാങ്ങി, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച നടന പ്രതിഭയുടെ അവസാനയാത്ര. തിരുവനന്തപുരം ജില്ലയിലെ താരതമേ്യന നാട്ടിൻപുറമായ മടവൂരും പരിസര പ്രദേശങ്ങളും കഥകളി ആചാര്യന്റെ പെട്ടെന്നുള്ള വേർപാടിൽ കണ്ണീരണിഞ്ഞു.
തുമ്പോട് ഗവൺമെന്റ് എൽ.പി. സ്‌കൂളിലും പള്ളിക്കൽ പകൽക്കുറിയിലെ കെ.കെ. നായർ സ്മാരകത്തിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറ് കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. വി. ജോയി എം.എൽ.എ എല്ലാറ്റിനും നേതൃത്വം നൽകി മുന്നിലുണ്ടായിരുന്നു. മടവൂരിനടുത്തുള്ള കൃഷ്ണൻ കുന്നാണ് മടവൂർ വാസുദേവൻ നായരുടെ ജന്മഗ്രാമം. പനപ്പാംകുന്ന് എൽ.പി.എസിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.
കഥകളിയിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ മടവൂർ, മഹാത്തായ ആ കലയുടെ വളർച്ചയ്ക്കായി മുൻകൈയെടുത്ത് സ്ഥാപിച്ച സ്ഥാപനമാണ് പകൽക്കുറിയിലെ കലാഭാരതി. നാനാ മേഖലയിലുള്ള ആളുകൾ ഇവിടെയും തങ്ങളുടെ ആശാന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
വി. ജോയി എം.എൽ.എയക്ക് പുറമേ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും പൊതുദർശന ചടങ്ങളിൽ പങ്കെടുത്തു. ജില്ലാ കളക്ടർക്കുവേണ്ടി വർക്കല തഹസീൽദാർ എൻ. രാജു റീത്ത് സമർപ്പിച്ചു.