അനന്തപുരിയ്ക്ക് പുതുജീവനേകാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ ഹരിതസേനയെത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ ഒരു നഗരസൃഷ്ടിയാണ് ഹരിതസേനയിലൂടെ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം പദ്ധതികളോടുള്ള യുവതലമുറയുടെ പ്രതികരണം പ്രതീക്ഷയുള്ളതാണെന്നും പദ്ധതിയിലുടനീളം ഇതേ പങ്കാളിത്തം കാഴ്ചവക്കാൻ യുവാക്കളും കുട്ടികളും ഒപ്പം മുതിർന്നവരും തയ്യാറായാൽ അഞ്ചുമാസങ്ങൾക്കകം പ്രത്യക്ഷമായ മാറ്റങ്ങൾ നഗരത്തിൽ ദൃശ്യമാവുമെന്നും സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം ഗ്രീൻഫീൽഡ് കൺവെൻഷൻ സെന്ററിൽ സന്നദ്ധ സേനാംഗമായി രജിസ്റ്റർ ചെയ്ത്, പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വയം ഹരിതചട്ടം പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ആർക്കും സേനയിൽ അംഗങ്ങളാകാം. www.mytvm.org എന്ന വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ അംഗത്വ രജിസ്‌ട്രേഷൻ പൂർണമാവും, അംഗങ്ങൾക്ക് ജില്ലാ ഭരണകൂടം തിരിച്ചറിയൽ കാർഡുകൾ നൽകും. മാലിന്യ നിർമ്മാർജ്ജനത്തിനും ജൈവകൃഷിക്കും സൗരോർജ പദ്ധതികളുടെ വ്യാപനത്തിനും, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മുൻതൂക്കം നൽകി മനോഹരവും സ്വച്ഛവുമായ നഗരജീവിതം ഉറപ്പുവരുത്തുകയാണ് സേനയുടെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ചുവടെന്ന നിലയിൽ മാലിന്യകൂമ്പാരം നിറഞ്ഞ അഞ്ച് കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വ്യത്തിയാക്കി ചുമരുകളിൽ ചിത്രങ്ങൾ വരച്ചും പൂന്തോട്ടമുണ്ടാക്കിയും ഭംഗിയാക്കും. മാലിന്യ നിക്ഷേപം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. പോലീസുദ്യോഗസ്ഥരും വോളന്റിയേഴ്‌സും അടങ്ങുന്നതാണ് ഈ സ്‌ക്വാഡ്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയും പ്രവാർത്തികമാക്കുകയുമാണ് സ്‌ക്വാഡിന്റെ ലക്ഷ്യം.
സ്‌കൂളുകളിലും വീടുകളിലും ഹരിതചട്ടം പാലിക്കുന്നതിനായി സന്നദ്ധസേന ബോധവൽക്കരണ പ്രവർത്തനം നടത്തും. ഇതിന്റെ പ്രവർത്തന പുരോഗതി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിലയിരുത്തും.
ചടങ്ങിൽ മേയർ വി.കെ പ്രശാന്ത്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗീതാ മോഹൻ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സബ്കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ, അസിസ്റ്റന്റ് കളക്ടർ അനുപം മിശ്ര തുടങ്ങിയവർ സംബന്ധിച്ചു.