കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.

ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ ‘സ്‌കൂൾ വിക്കി’ (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമായി പ്രസിദ്ധീകരിക്കും.

ക്ലാസ് അധ്യാപകർക്ക് ഏപ്രിൽ 20ന് മുൻപ് രചനകൾ നൽകണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ കുട്ടികളെ ഓൺലൈനിലും (ഇമെയിൽ, വാട്‌സ്ആപ് ഗ്രൂപ്പുകൾ) അറിയിക്കണം. രചനകൾ പ്രഥമാധ്യാപകന്റെ നേത്യത്വത്തിൽ പരിശോധിച്ച് സ്‌കൂൾ വിക്കിയിലെ അതത് സ്‌കൂളിന്റെ ലോഗിൻ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യണം. പ്രഥമാധ്യാപകർക്ക് സ്‌കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കാം.

അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ മോണിട്ടർ ചെയ്യണമെന്നും കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

സ്‌കൂൾ വിക്കിയിൽ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള സഹായ ഫയലുകളും വീഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചതിനു പുറമെ എല്ലാ ജില്ലകളിലും പ്രത്യേക ഹെൽപ് ഡെസ്‌ക്കുകളും ‘അക്ഷരവൃക്ഷം’ പദ്ധതിക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
#പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം
https://m.facebook.com/story.php?story_fbid=1379074198968073&id=529924043883097?sfnsn=wiwspmo&extid=sLeZ1f7k5nrxQ9gK