കൊതുകിന്റെ ഉറവിട നശീകരണം തുടരണം
ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.
വേനല്‍ മഴലഭിക്കുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുളള സാഹചര്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ കൊതുകുവളരാനുളള സാധ്യതകള്‍ വീടുകളില്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടക്കരുത് , ടെറസ്സില്‍ ഉപേക്ഷിച്ച പാഴ്‌വസ്തുക്കളില്‍ വെളളം കെട്ടി നില്‍ക്കരുത്, വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ മഴവെളളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം. വീടിനുളളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അടച്ചുസൂക്ഷിക്കാതെ കുടിവെളളം സംഭരിക്കരുത്. ഫ്രിഡ്ജിനു പുറകിലെ ട്രേയില്‍ വെളളം പതിവായി കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. വീടിനുളളില്‍ അലങ്കാരചെടിയുടെ അടിയിലെ പാത്രത്തില്‍ വെളളം കെട്ടികിടക്കുന്നില്ലെന്നും ഉറപ്പാക്കണം. വീടിനോടു ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നില്ലെന്നും വീടിനുള്ളില്‍ തുണികള്‍ സ്ഥിരമായി തൂക്കിയിടുന്നില്ലെന്നും ഉറപ്പാക്കണം. ഇവ കൊതുകിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ‘ഡ്രൈഡേ’ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രിയയാണിത്.