ആലപ്പുഴ: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഭാവിയിൽ നേരിട്ടേക്കാവുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുും പൂര്‍ണ സജ്ജമാകുന്നു. ഇതിന്‍റെ ഭാഗമായി കോവിഡ‍് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, കോവിഡ് കെയര്‍ സെന്‍ററുകള്‍ എന്നിവ സജ്ജമാണെന്ന് ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആരോഗ്യ വകുപ്പ് ജില്ലയില്‍ രണ്ട് കോവിഡ് ആശുപത്രികൾ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽകോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവ കോവിഡ‍് ആശുപത്രികളാകും. മെഡിക്കൽ കോളേജ് ആശുപത്രിയില് 800 ബെഡ്ഡുകൾ, ‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ 150 ബഡ്ഡുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ 24 മുറികള്‍, ആറ് ഐ.സി.യു ബഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

മെഡ‍ിക്കല്‍ കോളജ് ആശുപത്രിയില്‍ 46 റൂമുകളും ഇതിന് പുറമേ 800 ഹെഡ്ഡുകളും സജ്ജമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍ അറിയിച്ചു. മെഡ‍ിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പുഷ്പലതയുടെ നേതൃത്വത്തിലാണ് മെഡ‍ിക്കല്‍ കോളജില്‍ കോവി‍‍ഡ് ആശുപത്രികളുടെ സജ്ജീകരണം ഒരുക്കുന്നത്. 130 ഐ.സി.യു ബഡ്ഡുകളും ഇവിടെ സജ്ജമാണ്. ഇതിനോടനുബന്ധിച്ച് ലബോറട്ടറി സൗകര്യങ്ങള്‍, നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യോക പ്രസവ മുറി, പ്രത്യേക ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരും സീനിയര്‍ ഉദ്യോഗസ്ഥരും അടങ്ങിയ കമ്മറ്റി കോവിഡ‍് ആശുപത്രി സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാണ്.
ജില്ലയിൽ ഇപ്പോൾ നിലവിലുള്ള ഐസൊലേഷൻ സൗകര്യങ്ങൾ കൂടാതെയാണ് ഭാവിയെ മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് തയ്യാറാക്കിയിട്ടുള്ളത്. ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, കായംകുളത്തെ ആശുപത്രി, തുറവൂര്‍ താലൂക്ക് ആശുപത്രി, മാവേലിക്കര ആശുപത്രി‍ എന്നിവ നിലവിൽ ഐസൊലേഷൻ സൗകര്യങ്ങളോടെ ജില്ലയിൽ പ്രവർത്തിച്ചുവരികയാണ്. ഇതിൽ ജനറൽ ആശുപത്രിയിൽ 11 മുറികളും ചേർത്തലയിൽ 10 മുറികളും കായംകുളത്ത് 16 മുറികളും തുറവൂരിൽ 10 ബെഡ്ഡുകളും മാവേലിക്കരയിൽ 16 മുറികളും തയ്യാറാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ജില്ലയിലെ രോഗ ബാധിതകരുടെ എണ്ണം വര്‍ധിച്ചാല്‍ അതിനെ നേരിടുന്നതിനു വേണ്ടി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ തയ്യാറാക്കുന്നുണ്ട്. ഓരോ ബ്ലോക്കിലും ഒരു സ്ഥാപനമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളതെന്ന് ഡി.എം.ഓ എല്‍.അനിതകുമാരി പറഞ്ഞു. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളിലും മുറികൾ സജ്ജമാക്കി. കായംകുളം എല്‍മെക്സില്‍ 120 റൂമുകളും 16 ബെഡ്ഡുകൾ ഉള്ള ഐസിയുവും സജ്ജമാണ്. മുളക്കുഴ സെഞ്ചുറി ആശുപത്രിയിൽ 70 റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനെല്ലാം പുറമേ 12 കോവിഡ് കെയർ സെൻററുകളും ജില്ലയിൽ നിലവിലുണ്ട്. വീടുകളിൽ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ താമസിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ജില്ലയിലെ പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 12 കോവിഡ് കെയർ സെൻററുകളിലായി 405 റൂമുകൾ ഉണ്ട്. ഇതിൽ 83 പേർ ഇപ്പോൾ നിരീക്ഷണത്തിലുമാണ്. കോവിഡ് കെയർ സെൻററുകളുടെ എണ്ണം വർധിപ്പിക്കാനും ജില്ലാഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഹൗസ്ബോട്ടുകൾ കോവിഡ് കെയർ സെൻററുകൾ ആയി മാറ്റാനുള്ള സാധ്യതയും പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
മെഡിക്കൽ കോളേജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും നിലവിലുള്ള ബെഡ്ഡുകൾ പകുതിയോളം നിറഞ്ഞാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകള്‍ സജ്ജമാകും. ഇങ്ങനെ വന്നാല്‍ എല്ലാ വിഭാഗത്തിലുമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ കൂടുതലായി വേണ്ടിവരും. ഇതിനായി ഐ.എം.എ, വിരമിച്ച ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയ സാധ്യതകള്‍ എല്ലാം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കൂടുതല്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതിന് മുന്നൊരുക്കങ്ങള്‍ എടുത്തുവരുന്നായി ജില്ലാ മെഡ‍ിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എല്‍. അനിതകുമാരി പറഞ്ഞു. ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴില്‍ ഡോക്ടര്‍മാരെക്കൂടാതെ 679 നേഴ്സിങ് സ്റ്റാഫും 2,066 ആശാവർക്കർമാരും നിരന്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയാണ്. വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്നവരുടെ പൂർണ ഉത്തരവാദിത്തം ഈ ആരോഗ്യ പ്രവര്‍ത്തകരാണ് നിര്‍വഹിക്കുന്നത്. അവര്‍ക്ക് ആവശ്യമായ മാർഗനിർദേശങ്ങളും അവരുടെ തുടര്‍ ചികിത്സക്കുള്ള സഹായങ്ങളും നല്‍കിവരുന്നു. ഇപ്പോള്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനത്തിലും ആശാവർക്കർമാർ ഇടപെടുന്നുണ്ട്.
കോവിഡ‍് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 24 മണിക്കൂർ ജോലിചെയ്തുകൊണ്ട് ആംബുലൻസ് ഡ്രൈവർമാരെയും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 35 പേർ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. ഇവർക്ക് പ്രത്യേക പരിശീലനം ഉൾപ്പെടെ നൽകിയിട്ടുണ്ട്. 14 ആംബുലൻസുകളും നിലവിൽ പ്രവർത്തിക്കുന്നു. ജില്ലയിൽ അപകടകരമായ സ്ഥിതി വിശേഷം ഇപ്പോൾ ഇല്ലെങ്കിലും അടുത്തൊരു ഘട്ടം ഉണ്ടായാൽ നേരിടാൻ ജില്ലയിൽ ആരോഗ്യവിഭാഗം സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാവിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടികളും പ്രതിരോധ പരിശീലനവും നൽകിയിട്ടുണണ്ട്. ജില്ലയിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ എന്‍.95, പി.പി.ഇ കിറ്റുകൾ എന്നിവ ഇപ്പോഴും ഉണ്ടെന്നും കൂടുതൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.