എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും മതിയാകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍യോഗത്തിന് ശേഷം ദുരിതബാധിതരുടെ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതം അനുഭവിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും കാര്യത്തില്‍ ദയാപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്റേത്. വായ്പ എടുത്തവരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം നിലനില്‍ക്കുകയാണ്. എഴുതിത്തള്ളേണ്ട കടങ്ങളുടെ കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തി തീരുമാനിക്കും. കുട്ടികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മറ്റ് ആശ്വാസ നടപടികളും ചെയ്യുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 57 കോടി രൂപയുടെ സഹായം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ചു. ഈ ഫെബ്രുവരിയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 50 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇവിടെ ലഭിച്ച നിവേദനങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.