തൃശ്ശൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ അണുനാശക തുരങ്കം സ്ഥാപിച്ചു. ശരീരത്തിന് പുറത്തെയും വസ്ത്രങ്ങളിലെയും അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ള അണുനാശിനി, തുരങ്കത്തിലൂടെ പ്രവേശിക്കുന്നവരുടെ മേൽ സ്‌പ്രേ ചെയ്യും.

മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും ആശുപത്രിയിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ പോകുമ്പോഴും ഇതുവഴി പോകണം. കളക്ടർ എസ്.ഷാനവാസിന്റെ അഭ്യർഥന പ്രകാരം തൃശൂരിലെ സാധന എൻജിനീയറിംഗ് ഉടമ മേവീസ് ഡേവീസാണ് ഒരു ലക്ഷം രൂപ നിർമ്മാണചെലവ് വരുന്ന തുരങ്കം സൗജന്യമായി സ്ഥാപിച്ചത്.

മന്ത്രി എ.സി.മൊയ്തീൻ, ചീഫ് വിപ്പ് കെ.രാജൻ, അനിൽ അക്കര എം.എൽ.എ, പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്,സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ തുടങ്ങിയവർ തുരങ്കത്തിലൂടെ സഞ്ചാരം നടത്തി. മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കുന്നതിനായി നടപ്പിലാക്കിയ ഒരുക്കങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. പുതുതായി വാർഡുകളിൽ ഒരുക്കിയ സൗകര്യങ്ങൾ മന്ത്രിക്ക് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു നൽകി.
ഫോട്ടോ അടിക്കുറിപ്പ്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ സ്ഥാപിച്ച അണുനാശക തുരങ്കം