എറണാകുളം: ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ ലോക്ഡൗൺ കാലത്തെ കൊച്ചിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉടൻ തന്നെ വലിയ പ്രതികരണമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.

ആളും ആരവങ്ങളും ഒരിക്കലും ഒഴിയാത്ത കൊച്ചിയുടെ ലോക് ഡൗൺ കാലത്തെ ശൂന്യമായ വഴികളും ശാന്തമായ അന്തരീക്ഷവും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് നൽകുന്നത്.

ഫോർട്ടുകൊച്ചി കടൽത്തീരത്തു നിന്നാരംഭിക്കുന്ന വീഡിയോ മട്ടാഞ്ചേരി ജൂതത്തെരുവ് പോലുള്ള പ്രാചീന തെരുവുകൾ പിന്നിട്ട് തോപ്പുപടി പാലം, വൈറ്റില, എം.ജി. റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, ഇടപ്പള്ളി, കളമശേരി എന്നീ പോയിൻ്റുകൾ കടന്ന് ആലുവയിൽ അവസാനിക്കുന്നു.

നിരവധി കമൻ്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു. വരും തലമുറയ്ക്ക് പാഠമാകേണ്ട ചരിത്രരേഖയാണിതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നു. ആളും ആരവവുമില്ലാത്ത കൊച്ചിയുടെ അപൂർവ്വ ചിത്രീകരണമാണെന്ന് മറ്റു ചിലർ പറയുമ്പോൾ ഇതു വരെ ആസ്വദിച്ചിട്ടില്ലാത്ത കൊച്ചിയുടെ അപൂർവ്വ സൗന്ദര്യമാണ് ദൃശ്യങ്ങളിലെന്ന് പറയുന്നു ചിലർ.

ഡ്രോൺ ക്യാമറയും ഗോപ്രോയും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ വീഡിയോ സ്ട്രിംഗർ രഘുരാജ് അമ്പലമേടാണ് ദൃശ്യങ്ങൾ തയാറാക്കിയത്.