ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എലിപ്പനി റിപ്പോര്‍ട്ടു ചെയ്യുന്നതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ പറഞ്ഞു.
മീന്‍ പിടിക്കുന്നതിനായി പാടത്തും കുളത്തിലുമുള്ള ചെളിവെള്ളത്തില്‍ ഇറങ്ങുന്നതും മുറിവുള്ളപ്പോള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടകുന്നതും എലിപ്പനിക്ക് കാരണമാകും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധമരുന്ന് കഴിക്കുകയും മലിന ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ സോപ്പുപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും വേണം.
കുട്ടികളെ മീന്‍പിടിക്കുന്നതിനായി മലിനജലത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്.
• സ്ഥിരമായി പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ഓടകളും കുളങ്ങളും കിണറുകളും കനാലുകളും മറ്റും വൃത്തിയാക്കുന്നവര്‍, പുല്ല് ചെത്തുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ഗുളിക കഴിക്കണം.
• മലിനജലത്തില്‍ കുളിയ്ക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.
• മലിനജലവുമായി സമ്പര്‍ക്കമുണ്ടായതിനുശേഷം പനി, പനിയോടു കൂടിയോ അല്ലാതെയോ ശരീരം വേദന, തലവേദന കണ്ണിന് ചുമപ്പ്, മൂത്രത്തിനു മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടുക. മലിനജലവുമായി സമ്പര്‍ക്കമുണ്ടായ വിവരം ഡോക്ടറോട് നിര്‍ബന്ധ മായും പറയണം.
• എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധഗുളികയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.
• പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല
• ഏത് പനിയും എലിപ്പനിയാകാം. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ എലിപ്പനി തടയാം. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്നതാണ്.
• ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി മൂലമുള്ള മരണവും ഒഴിവാക്കാം.