ആവേശകരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം നൽകണമെന്ന അഭ്യർത്ഥനയോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംഭാവന അമൂല്യമാണെന്നും സുമനസുകളുടെ പ്രവർത്തി ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യം ഏകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ അദാനി പോർട്‌സ് നൽകി. എസ്. എഫ്. ഐ സോഷ്യൽ മീഡിയ കാമ്പയിനിലൂടെ സമാഹരിച്ച 6,39,527 രൂപ ലഭിച്ചു. റംസാൻ മാസത്തെ പുണ്യപ്രവൃത്തിയുടെ ഭാഗമായി സക്കാത്ത് നൽകാനാവുമോയെന്ന അഭ്യർത്ഥനയ്ക്കും നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്.

സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഒരു ലക്ഷം രൂപ നൽകി. എൽ. ഐ. സി എംപ്ലോയീസ് യൂണിയൻ 1.20 കോടി രൂപയും കരുനാഗപ്പള്ളി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെയും ഗേൾസ് ഹൈസ്‌കൂളിലെയും അധ്യാപകരും ജീവനക്കാരും 70,49,705 രൂപയും നൽകി.

മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ് യൂണിയൻ ഒരുലക്ഷം രൂപയും മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് രണ്ടു ലക്ഷം രൂപയും നൽകി.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെയും കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്റേയും ജാമിയ മന്നാനിയ സ്ഥാപനങ്ങളുടെയും കീഴിലുള്ള കോളേജുകൾ സ്‌കൂളുകൾ ഓർഫനേജുകൾ മദ്രസകൾ ആരാധനാലയങ്ങൾ എന്നിവിടങ്ങൾ ക്വാസന്റൈൻ ആവശ്യത്തിനായി വിട്ടു നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

മുസ്‌ലീം അസോസിയേഷൻ തിരുവനന്തപുരത്തെ സ്ഥാപനങ്ങളും വിട്ടു നൽകും. ലീഗ്രാന്റ് ആദ്യഘട്ടത്തിൽ രണ്ടായിരം പി. പി. ഇ കിറ്റുകളും 25000 സർജറി മാസ്‌കുകളും നൽകും. മലപ്പുറം കാളികാവ് സഫ ആശുപത്രി ക്വാറന്റൈൻ ആവശ്യത്തിനായി വിട്ടു നൽകും.

ആരോഗ്യ പ്രവർത്തകർക്കുള്ള വിഷു സമ്മാനമായി ഡിവൈ എഫ് ഐ 500 പി. പി. ഇ കിറ്റുകൾ നൽകി. വിഷുവിന് സാമൂഹ്യ അടുക്കളയിലേക്ക് 1340 ചാക്ക് അരിയും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.