കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുന്ന പ്രദര്‍ശന കേന്ദ്രത്തില്‍ കരകൗശല വസ്തുക്കളുടെ സ്ഥിരം പവിലിയന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അഖിലേന്ത്യ കരകൗശല – കൈത്തറി പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം എറണാകുളത്തപ്പന്‍ മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കരകൗശലമേഖലയില്‍ കേരളത്തിന്റെ പാരമ്പര്യവും അവസരങ്ങളും പ്രയോജനപ്പെടുത്തി തൊഴില്‍ സൃഷ്ടിക്കുകയെന്ന നയമാണ് സര്‍ക്കാരിന്റേത്. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി പ്രത്യേക കലണ്ടര്‍ തയാറാക്കി സംസ്ഥാനത്തിനകത്തും പുറത്തും പ്രദര്‍ശന വിപണന മേളകള്‍ നടത്തിവരുന്നു. ജനുവരി 15 മുതല്‍ 30 വരെ പാലക്കാട് നടത്തിയ മലബാര്‍ ക്രാഫ്റ്റ്‌സ് മേള കാണാനെത്തിയത് പത്തു ലക്ഷം പേരാണ്. പതിനഞ്ചു ദിവസം കൊണ്ട് അഞ്ചു കോടി രൂപയുടെ വില്‍പ്പനയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയാടിസ്ഥാനത്തില്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ നടത്തുന്ന പ്രദര്‍ശന വിപണനമേളകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉല്‍പ്പന്നങ്ങളും നിര്‍മാണരീതികളും പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയാണ്. കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചെറുകിട യന്ത്രോപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂള്‍ കിറ്റ് ഈ മാസം വിതരണം ചെയ്യും. ഉല്‍പ്പാദനം, വിപണനം, പശ്ചാത്തല സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധയൂന്നുന്നതിനൊപ്പം മികച്ച ക്രാഫ്റ്റ്‌സ്മാന്‍മാര്‍ക്കുള്ള അവാര്‍ഡും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ്, മാനേജിങ് ഡയറക്ടര്‍ എന്‍.കെ. മനോജ്, കേന്ദ്ര ഹാന്‍ഡിക്രാഫ്റ്റ്‌സ് വകുപ്പ് അസി. ഡയറക്ടര്‍ പൂജ വേണുഗോപാല്‍, വി.ടി. ബീന എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ച് അഞ്ചു വരെയാണ് മേള. ഈട്ടിത്തടി, പിച്ചള, ഓട്, കുമ്പിള്‍ത്തടി എന്നിവയിലുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, നെട്ടൂര്‍ പെട്ടി, ആറന്മുള കണ്ണാടി തുടങ്ങി കേരളീയ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശാന്തിനികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലേയ്‌സ് വര്‍ക്കുകള്‍, കോലപ്പുരി ചെരിപ്പുകള്‍, ഗ്ലാസ് വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മധുര, ഹൈദരാബാദ് സാരികള്‍, ലക്‌നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍.കെ. മനോജ് പറഞ്ഞു.