എറണാകുളം: കോവിഡ് 19 മൂലം നഷ്ടമാവുന്ന അധ്യായന ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന ആദ്യ വെബിനാറില്‍ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും.

ഏപ്രില്‍ 20 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന വെബിനാറില്‍ ‘അഭ്യസ്ത വിദ്യരും തൊഴില്‍ സാധ്യതയും കോവിഡ് അതിജീവനവും’ എന്ന വിഷയത്തില്‍ ആയിരിക്കും കളക്ടര്‍ സംവദിക്കുന്നത്. തത്സമയം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.skillparkkerala.in/csp-perumbavoor/ എന്ന വിലാസം സന്ദര്‍ശിക്കണം.

കേരളത്തില്‍ നിലവില്‍ ഓരോ വര്‍ഷവും നിരവധി അധ്യായന ദിനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുന്നത്. അതിനു പുറമെയാണ് ഇപ്പോള്‍ കോവിഡ് സൃഷ്ടിച്ച അരക്ഷിതാവസ്ഥ. ഈ സാഹചര്യത്തില്‍ ആധുനിക സാങ്കേതിക വിദ്യയെ അധ്യായനത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് മാതൃകയാവുകയാണ് അസാപ്പ്.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും പോളി ടെക്‌നിക്കുകളിലും ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത് അസാപ്പാണ്.ഏതെങ്കിലും കാരണവശാല്‍ ക്ലാസുകള്‍ നഷ്ടമായവര്‍ക്ക് അസാപ്പിന്റെ യൂട്യൂബ് ചാനല്‍ വഴി ക്ലാസുകള്‍ കേള്‍ക്കാവുന്നതാണ്.