കുളത്തൂപ്പുഴ വില്ലേജില്‍ റോസ്മലയിലെ മിച്ചഭൂമി നിവാസികളില്‍ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ കൈശവമുള്ള 165 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായി.  ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖ ഗുണഭോക്താക്കള്‍ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു വിതരണം ചെയ്തു.
റോസ്മല നിവാസികളുടെ ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി  മുന്‍ കാലത്ത് നടന്ന ഭൂമി കൈമാറ്റങ്ങള്‍ക്ക് നിയമത്തിന്റെ സാധുതയില്ലാതിരുന്നത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് ഭൂമി കൈമാറ്റത്തിന്  സാധൂകരണമെന്ന സുപ്രധാന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ആദ്യഘട്ടം എന്ന നിലയിലാണ് 165 പേര്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ കരമടച്ച്  പറ്റ് ചീട്ട് കൈപ്പറ്റാവുന്നതാണ്. രണ്ടാം ഘട്ടത്തില്‍ ഒന്ന് മുതല്‍ രണ്ടേക്കര്‍ വരെയുള്ളവര്‍ക്കും സാധൂകരണ പത്രിക നല്‍കും. രണ്ടേക്കറിന് മുകളില്‍ ഭൂമി കൈവശമുള്ള സ്ഥിരതാമസക്കാര്‍ക്കും സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
റോസ്മലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ആര്യങ്കാവ്-റോസ്മല റോഡ് നിര്‍മ്മാണത്തിന് നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് യു.പി. സകൂളിന് പുതിയ കെട്ടിടമെന്ന ആവശ്യം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരിഗണിക്കും.           സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പും ഫണ്ട് വിനിയോഗിക്കും. എല്ലാം ശരിയാകുമെന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് റോസ്മല തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റോസ്മല മിച്ച ഭുമി പ്രശ്‌നം പോലെ കിഴക്കന്‍ മേഖലയിലെ ദര്‍ഭക്കുളം മിച്ച ഭൂമി വിഷയം, സാംനഗര്‍ പട്ടയ പ്രശ്‌നം, മാമ്പഴത്തറ ദേവസ്വം ഭൂമി പ്രശ്‌നം എന്നിവയും പരിഹരിക്കുന്നതിനുള്ള തീവ്രശ്രമം സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അച്ചന്‍കോവില്‍ സുരേഷ്‌കുമാര്‍, തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലൈലജ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. ഷീജ, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പി. സുനിത, ഗ്രാമപഞ്ചായത്തംഗം വരദ പ്രസന്നന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ശശികുമാര്‍, എസ്. നവമണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.