ലോക്ഡൗൺ ഇളവുകൾ ജില്ലയിൽ നടപ്പിലാക്കിയ സാഹചര്യത്തിൽ, ജാഗ്രത കൈവിടാതിരിക്കാൻ ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്തും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

കൊറോണ പ്രതിരോധം ഭരണകൂടത്തിൻറെ മാത്രമല്ല ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിക്കൽ കൂടി ബോധവത്കരണത്തിൻറെ ലക്ഷ്യമാണ്.
ഇതിനായി ഫലപ്രദമായ ക്യാമ്പയിൻ ആവിഷ്കരിക്കും.

നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുമ്പോൾ, സംസ്ഥാനത്തിനു പുറത്തു നിന്നും, രാജ്യത്തിന് പുറത്തു നിന്നും ജില്ലയിൽ എത്താൻ സാധ്യതയുള്ള വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. ഓരോ വീട്ടിലും തിരിച്ചെത്താൻ സാധ്യതയുള്ള പ്രവാസികളുടെ വിവരങ്ങളും, ഓരോ വീട്ടിലും ഐസൊലേഷനിലിരിക്കാനുള്ള സൗകര്യവും അടക്കമുള്ള വിവരശേഖരണം ആണ് നടത്തുന്നത്. കോവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഈ വിവരശേഖരണം സഹായിക്കും.

ലോക്ഡൗൺ ഇളവ് നൽകിയ സാഹചര്യത്തിൽ, പ്രവർത്തിക്കാൻ അനുവാദം നൽകിയ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ കൈ കഴുകൽ, സാനി റൈറസർ ഉപയോഗം, സാമൂഹ്യ അകലം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. കൊറോണ പ്രതിരോധ ബോധവൽക്കരണത്തിൻറെ ഭാഗമായാണിത്

ആരോഗ്യപ്രവർത്തകർ ഒരോ വീടുകളും സന്ദർശിച്ചു നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും.

പൊതുഗതാഗതം പുന:സ്ഥാപിക്കുമ്പോൾ, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജില്ലാ കലക്ടർ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു.