കൊച്ചി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ശേഖരിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.
ലോക്ക് ഡൗണിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയത്.

തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹരിത കേരളം മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.

ചോറ്റാനിക്കര പഞ്ചായത്തിൽ നിന്നും നാല് ലോഡ് അജൈവ മാലിന്യങ്ങളാണ് ശാസ്ത്രീയ സംസ്കരണത്തിനായി ആദ്യഘട്ടത്തിൽ ക്ലീൻ കേരള കമ്പനി ഏർപ്പെടുത്തിയ ലോറികളിൽ മാറ്റിയത്.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ,ഹരിത കർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ചവയാണിത്. ലോക്ക് ഡൗണിനെ തുടർന്നു കഴിഞ്ഞ ഒരു മാസം ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തരം തിരിക്കുവാനോ ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുന്നതിനോ സാധികാത്ത നിലയിലായിരുന്നു .

ചോറ്റാനിക്കരയിൽ മാത്രം വീടുകളിൽ നിന്നും ശേഖരിച്ച 40 ടണ്ണോളം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് .ശുചിത്വ മിഷൻ തയ്യാറാക്കിയ പട്ടിക പ്രകാരം ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളുടെ സെൻ്ററുകൾ നിലവിൽ നിറഞ്ഞിട്ടുണ്ട് .വാഹന നിയന്ത്രണമുള്ളതിനാൽ ജില്ലാ കളക്ടർ ഇതിനായി മാത്രം പത്തു ലോറികൾക്ക് പ്രത്യേക പാസ് നൽകി .ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ നിന്നും പുറപ്പെട്ട ലോറികളുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ നിർവഹിച്ചു.

ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ ,വൈസ് പ്രസിഡന്റ് റിസ് പുത്തൻ വീടൻ ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു .ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ശേഖരണ കേന്ദ്രങ്ങളിൽ നിറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുമെന്ന് ക്ലീൻ കേരളാ കമ്പനി അസിസ്റ്റൻറ് മാനേജർ ശ്രീലാൽ അറിയിച്ചു.