എറണാകുളം: കോവിഡ് മൂലം പ്രഖ്യാപിച്ച അടച്ചിടലില്‍ കരുതലോടെ ഒപ്പം നിന്നവര്‍ക്ക് നന്ദിയര്‍പ്പിച്ച് സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ നേതൃത്വത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി.സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഹരികുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.കെ.നാസര്‍ എന്നിവര്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് കൊവിഡ് കാലത്തും കരുതലോടെ സേവനങ്ങള്‍ ഒരുക്കിയ എല്ലാവരോടുമുള്ള നന്ദി തൊഴിലാളികള്‍ അറിയിച്ചത്.
ലോക്ക് ഡൗണിന്റെ ആദ്യ ദിവസം മുതല്‍ അതിഥി തൊഴിലാളികളുടെ ഭക്ഷണവും താമസവും ആരൊഗ്യ പരിരരക്ഷയും ഉറപ്പു വരുത്തിയാണ് ലേബര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലാ ലേബര്‍ ഓഫീസില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലം പൂര്‍ത്തിയാകുന്നതു വരെ എല്ലാ തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുള്ള സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മടങ്ങിയത്.