തിരുവനന്തപുരം: വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ഭക്ഷ്യസുരക്ഷയ്ക്ക് പഴം പച്ചക്കറികള്‍ക്കൊപ്പം  കിഴങ്ങുവര്‍ഗ്ഗവിളകള്‍ കൂടി വ്യാപിപ്പികണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് കൃഷിവകുപ്പ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു.  ഇതിന്റെ ഭാഗമായി  വിവിധ കിഴങ്ങുകളുടെ നടീല്‍ വസ്തുക്കളുടെ വിതരണോത്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

ശ്രീകാര്യത്തെ സി.റ്റി.സി.ആര്‍.ഐ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ തെരഞ്ഞെടുത്ത കര്‍ഷക പ്രതിനിധികള്‍ക്ക് നടീല്‍ വസ്തുക്കളുടെ കിറ്റ് മന്ത്രി കൈമാറി. കൂടാതെ  വിവിധ കിഴങ്ങുവര്‍ഗ്ഗവിളകളുടെ വ്യാപനത്തിനായി ജീവനി പദ്ധതിയുടെ കീഴില്‍  പ്രത്യേക മാര്‍ഗ്ഗരേഖ രൂപീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.

മരച്ചീനി, ചേമ്പ്, മധുരകിഴങ്ങ്, ചെറുകിഴങ്ങ് ഉള്‍പ്പെടെ വിവിധ നാടന്‍ കിഴങ്ങുകളുടെ വ്യാപനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം  ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍  വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.