എറണാകുളം: കളമശ്ശേരി, തൃക്കാക്കര, ഏലൂര്‍ മുന്‍സിപ്പാലിറ്റികളിലെ നിര്‍ധനരായ 140 കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കി കൊച്ചിയിലെ കിന്‍ഡര്‍ ആശുപത്രി. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കൈമാറ്റം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മുന്‍സിപ്പാലിറ്റികളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സമാര്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, ഡോ. മാത്യു, കിന്‍ഡര്‍ ആശുപത്രി എം.ഡി പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രായാധിക്യമുള്ളവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാം ഫോര്‍ എല്‍ഡേര്‍ളി എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. കലൂര്‍ മുതല്‍ ആലുവ വരെയുള്ള വയോജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. ഡോക്ടര്‍, നെഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തി വയോജനങ്ങള്‍ക്ക് പരിചരണം ഉറപ്പാക്കും. കോവിഡ് സെല്ലിന്റെ പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗവുമായി സഹകരിച്ച് ജൂണ്‍ മാസം അവസാനംവരെയാണ് പദ്ധതി നടപ്പാക്കുന്നത്.