കോവിഡ് കാലത്ത് ഗര്‍ഭിണികളേയും കരുതുകയാണ് അഗ്‌നിരക്ഷാ സേന. വെള്ളമില്ലാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയുടെ വീട്ടില്‍ അഗ്നിരക്ഷാ സേന കുടിവെള്ളം എത്തിച്ചു നല്‍കി. കടമനിട്ട സ്വദേശിനിയായ ഏറാട്ട് വീട്ടില്‍ എം.ഡി. ദീപ്തിമോള്‍ എന്ന ആറു മാസം ഗര്‍ഭിണിയായ യുവതിക്കാണ് അഗ്നിരക്ഷാ സേനയുടെ സഹായം ലഭിച്ചത്.
പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന, ഡിഫന്‍സ് വോളന്റിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന പത്തു പേരടങ്ങിയ സംഘം ദീപ്തിയുടെ വീട്ടിലെത്തി കിണര്‍ റീചാര്‍ജിംഗ് ചെയ്തു നല്‍കി. വെള്ളമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിലാണെന്നും ഉയരമുള്ള പ്രദേശത്താണ് വീടെന്നും വീണാജോര്‍ജ് എംഎല്‍എയെ യുവതി വാട്‌സാപ്പിലൂടെ അറിയിച്ചു. തുടര്‍ന്ന് എംഎല്‍എ നിര്‍ദേശിച്ചതു പ്രകാരമാണ് അഗ്‌നിരക്ഷാ സേന യുവതിയുടെ വീട്ടില്‍ വെള്ളം എത്തിച്ചു നല്‍കിയത്.
ഗര്‍ഭിണികള്‍ക്ക് കോവിഡ് കാലത്തെ ആകുലതകള്‍ നീക്കാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനുമായി വീണാജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ അമ്മയും കുഞ്ഞും വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ദീപ്തിയുടേയും കുടുംബത്തിന്റേയും ബുദ്ധിമുട്ട് എംഎല്‍എയുടെ ശ്രദ്ധയില്‍പെട്ടത്.
അഗ്‌നിരക്ഷാ ജീവനക്കാരായ ടി.എല്‍. സജിത്ത് കുമാര്‍, കെ. ഉണ്ണിപ്രസാദ്, ഇ.ആര്‍. അനുരാജ്, ടി.എച്ച്. വിഷ്ണു, വി.പി. സജിലാല്‍ അഖില്‍ ടി. ബാബു, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ ബിജു കുമ്പഴ, ദീപു കോന്നി, ആല്‍വിന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.