കാസർഗോഡ്: കോവിഡ് -19 നെതിരെയുള്ള ജില്ലയുടെ പോരാട്ടത്തില്‍ സജീവമാണ് അഗ്നി ശമന സേനാവിഭാഗം .ജില്ലയില്‍ ആദ്യം  കോവിഡ് സ്ഥിതീകരിച്ചത് മുതല്‍  ജില്ലയെ അണുവിമുക്തമാക്കി കോവിഡിനെതിരെ തുടച്ചു നീക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണിവര്‍. ഇന്നലെ (ഏപ്രില്‍25) ജില്ലയിലെ കോവിഡ് ആശുപത്രികളായ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയും കാസര്‍കോട് ജനറല്‍ ആശുപത്രിയും അണുവിമുക്തമാക്കി.
ജനറല്‍  ആശുപത്രി കാസര്‍കോട് ഫയര്‍ സ്റ്റേഷനും ജില്ല ആശുപത്രി കാഞ്ഞങ്ങാട് ഫയര്‍സ്റ്റഷനുമാണ് അണുവിമുക്തമാക്കിയത്. ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറോറ്റ് ലായനി ഉപയോഗിച്ചാണ് അണുവിമുക്തമാക്കിയത്. ഓരോ ദിവസം ഇടവിട്ട് ആശുപത്രി പരിസരം അഗ്‌നിശമന സേന അണുവിമുക്തമാക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് സിവില്‍  സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി, കാന്റീന്‍, ഫ്രണ്ട് ഓഫീസ്, എടിംഎം കൗണ്ടര്‍ തുടങ്ങിയവയും അണു വിമുക്തമാക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികളെ ഡിസ്ചാര്‍ജ് ചെയതുപോയ വാര്‍ഡുകള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതായി  അഗ്‌നിശമന സേനാ വിഭാഗം ജില്ല ഓഫീസര്‍ ബി രാജ് പറഞ്ഞു.
 ജില്ലയിലെ പൊതുയിടങ്ങള്‍, കോവിഡ് രോഗികളുടെ വീടുകള്‍, അവര്‍ ഇടപെട്ട പൊതുസ്ഥലങ്ങള്‍ എന്നിവയ്ക്ക് പുറമെ ജനങ്ങള്‍ എത്തപ്പെടുന്ന എല്ലാ പൊതുയിടങ്ങളും കൊവിഡ് -19 സാധ്യതയനുസരിച്ച് കൃത്യമായ ഇടവേളകളില്‍ അഗനിശമന സേന  അണു വിമുക്തമാക്കി വരുന്നു. കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനായി  100 ഏക്കര്‍ സ്ഥലം നിയന്ത്രിതമായ കത്തിച്ച് നിര്‍മ്മാണത്തിനായി സജ്ജമാക്കിയതും അഗ്‌നിശമന സേനയാണ്.
അതിര്‍ത്തിയിലും പോരാട്ടം
ജില്ലാ അതിര്‍ത്തിയായ  കാലിക്കടവും  സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരത്തും അഗ്‌നിശമന കര്‍മ്മനിരതരാണ്. ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ വെച്ച് തന്നെ അണുവിമുക്തമാക്കിയാണ് ജില്ലയിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങളുടെ  ക്യാബിനടക്കംം എല്ലാ ഭാഗങ്ങളും കൃത്യമായി അണുവിമുക്തമാക്കാന്‍ ഇവര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു. മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ആര്‍.ടി.ഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും  ചേര്‍ന്ന്  മഞ്ചേശ്വരത്ത്  വാഹനങ്ങള്‍ അണു വിമുക്തമാക്കുന്നതിനുള്ള വാഹന ഡിസിന്‍ഫെക്ഷന്‍ ടണല്‍ ആരംഭിച്ചതോടെ ഇവിടെ വാഹനങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം എളുപ്പായി. എങ്കിലും വാഹനങ്ങളുടെ ക്യാാബിനുകള്‍നുകള്‍ അണുവിമുക്തമാക്കുന്നത് അഗ്‌നിശമന സേനയാണ്.
ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികളിലേക്ക്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ തേടിയിരുന്ന രോഗികള്‍ക്ക്  കരുതലാവുകയാണ് അഗ്‌നിശമനസേന വിഭാഗത്തിന്റെ  നേതൃത്വത്തിലുള്ള ജീവന്‍ രക്ഷ മരുന്നുകളുടെ ശേഖരണവും വിതരണവും. ജില്ലയിലെ അഞ്ച് ഓഫീസുകള്‍ വഴി  ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ രക്ഷ മരുന്നുകള്‍ ഇതിനോടകം വിതരണം ചെയ്തു.
സംസ്ഥാനത്തെ മുഴുവന്‍ അഗ്‌നിശമന സേനാ ഓഫീസുകള്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ കണക്ട് ചെയ്തു വിവരങ്ങള്‍ ശേഖരിക്കുകയും മരുന്നുകള്‍ ലഭ്യമാ്കുന്ന പ്രദേശത്തെ ഉദ്യോഗസ്ഥര്‍ അവ ശേഖരിച്ച് ഫയര്‍ സ്റ്റേഷനുകള്‍ വഴി കൈമാറി രോഗിയിലേക്ക് നേരിട്ടെത്തിക്കുകയുമാണ് ചെയ്യുന്നത്. രോഗികള്‍ക്ക് ബന്ധപ്പെടാനായി ജില്ലയില്‍ ഒരു വാട്സ് ആപ്പ് നമ്പര്‍ നല്‍കും. ഇതു വഴി രോഗികള്‍ക്ക് അവരുടെ മരുന്നിന്റെ വിവരം കൈമാറാം.
ഇവ പിന്നീട് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ വാട്സ് ആപ്പിലേക്ക് കൈമാറും. ലോക്ക് ഡൗണില്‍ മരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന കാന്‍സര്‍ രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, മാരക രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് ആശ്രയമാണ് ഈ സംവിധാനം. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ തേടിരുന്നവര്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കുന്നു.
കൂടാതെ കേരളത്തിലെ ആര്‍സിസി, എംസിസി തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഇതര സംസ്ഥാനക്കാര്‍ക്കും ആവശ്യപ്പെടുന്ന പക്ഷം സംസ്ഥാന അതിര്‍ത്തിയില്‍ മരുന്നെത്തിച്ച് നല്‍കുന്നുണ്ട്. കാസര്‍കോട്  ജില്ലയിലെ രോഗികള്‍ക്ക് അവര്‍ക്കാവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ 7356109129 എന്ന നമ്പറില്‍  അറിയിക്കാം. കേരളം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്കത് സുരക്ഷിതമായി നേരിട്ടെത്തിച്ച് നല്‍കും.
തദ്ദേശീയമായും  ആളുകള്‍ക്ക്  അഗ്‌നിശമന സേന മരുന്നെത്തിച്ച് നല്‍കുന്നുണ്ട്. ജീവന്‍ രക്ഷ മരുന്നുകള്‍ എത്തിക്കുന്നതിന് പുറമെയാണ് ഈ സേവനം. ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്ന എല്ലാ ഓര്‍ഡറുകളും അന്നേദിവസം തന്നെ ആളുകള്‍ക്ക് എത്തിച്ച് നല്‍കും. തദ്ദേശീയ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇതിനായി ജനങ്ങള്‍ക്ക് 101 ല്‍ വിളിച്ചറിയിക്കാം.
സിവില്‍ ഡിഫന്‍സ് ഫോഴ്സ്
അഗ്‌നിശമന സേന വിഭാഗത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് ഫോഴ്സും കര്‍മ്മ നിരതരാണ്. ഫയര്‍ സ്റ്റേഷനിലെത്തുന്ന ഒരോ ഫോണ്‍വിളികള്‍ക്കും പരിഹാരിക്കുന്നതിനും രക്ഷ പ്രവര്‍ത്തനങ്ങളിലും ഇവരുടെ പങ്ക് വലുതാണ്. കൂടാതെ ജീവന്‍ രക്ഷ മരുന്നുകളുടെ ശേഖലണ വിതരണ പ്രവര്‍ത്തനങ്ങളിലും ഇവരും പങ്കാളികളാണ്.നിലവില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ ഫയര്‍സ്റ്റേഷനുകളിലെ നൂറോളം പ്രവര്‍ത്തകരാണ് കോവിഡ് കാലത്ത്  അഗ്‌നിശമന സേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്.