എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷുക്കൈനീട്ട മായി ലഭിച്ച തുകകൾ കൈമാറി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക്. ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവനനല്‍കിയ ബാങ്ക്, ഇത്തവണത്തെ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കൂടിപ്രാവര്‍ത്തികമാക്കുകയായിരുന്നു.

ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ മാസം 14 മുതല്‍ 24വരെയുള്ള ദിവസങ്ങളില്‍ 1.5 ലക്ഷം രൂപ വിഷുക്കൈനീട്ടമായി സമാഹരിക്കാന്‍ ബാങ്കിന് സാധിച്ചു. ഇതില്‍ 5001 രൂപ നല്‍കിയത് വെണ്ണല ഗവ. ഹയര്‍ സെക്കന്ററിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പൂജിത്ത് കൃഷ്ണയാണ്. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായ പൂജിത്ത് തന്റെ പ്രയാസങ്ങളെ അതിജീവിച്ച് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. പൂജിത്തിന് ലഭിച്ച സമ്മാനതുക അടക്കമാണ് 5001 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ബാങ്ക് പ്രസിഡന്റ് എ.എന്‍ സന്തോഷ്, അസി. സെക്രട്ടറി ടി.എസ് ഹരി എന്നിവര്‍ തുക കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ എറണാകുളം ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കൈമാറി.