* ഭാഗ്യക്കുറി വകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു
സംസ്ഥാന സാമ്പത്തികരംഗത്തിന്റെ നിര്‍ണായകപ്രാധാന്യമുള്ള ഘടകമായി മാറാന്‍ ഭാഗ്യക്കുറി വകുപ്പിനായത് ജീവനക്കാരുടെ പ്രയത്‌നം കൂടി മൂലമാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനവുമായി ബന്ധപ്പെട്ട് വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭാഗ്യക്കുറി ഇന്നൊരു ഭാഗ്യപരീക്ഷണം മാത്രമല്ല, നിരവധി ജീവകാരുണ്യ, സാമൂഹ്യസേവന കര്‍മങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അന്യസംസ്ഥാന, ഒാണ്‍ലൈന്‍, വ്യാജ ലോട്ടറികളൊക്കെ വന്നെങ്കിലും അതെല്ലാം അതിജീവിച്ച് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിര്‍മായകസ്വാധീനമായി പരിവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് വകുപ്പിന്റെ പ്രാധാന്യം. അനേകം കുടുംബങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വകുപ്പായതിനാല്‍ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ജനകീയ പിന്തുണയും സഹകരണവും വളരെ വലുതായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡയറക്ടര്‍മാര്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെയുള്ള 100 ഓളം ഉദ്യോഗസ്ഥരെ ആദരിച്ചു. എം.എല്‍.എമാരായ ബി.സത്യന്‍, കെ. ആന്റസലന്‍ എന്നിവര്‍ വിരമിച്ച ജീവനക്കാരെ പൊന്നാടയണിച്ച് കീര്‍ത്തിപത്രം സമ്മാനിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, ജോയന്റ് ഡയറക്ടര്‍ ടി. സുരേഷ്‌കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.