തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ തുടർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുന്ന രോഗികൾക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

ഈ രോഗികൾക്ക് തങ്ങൾക്ക് ഏറ്റവും അടുത്തായിവരുന്ന ആശുപത്രികളിൽ നിന്നും തുടർചികിത്സാ സേവനം നേടാവുന്നതാണ്. ഇതിനായി മരുന്ന് ഉൾപ്പെടെയുള്ളവയും ഡോക്ടർമാരെയും സജ്ജരാക്കിയിട്ടുണ്ട്. രോഗികളുടെ സൗകര്യാർഥം ഏർപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അഭ്യർഥിച്ചു.

നിലവിൽ ദിവസവും ഇരുന്നൂറോളം രോഗികളും അവരുടെ ഒപ്പമുള്ളവരും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തുടർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ ടെസ്റ്റുകൾക്കായി ഇവർക്ക് രണ്ടുമൂന്നു ദിവസം തങ്ങേണ്ട സാഹചര്യവുമുണ്ട്. നിലവിൽ ആർസിസിക്കുള്ളിൽ ചികിത്സ തേടിക്കൊണ്ടിരിക്കുന്നവരുടെയും തുടർ ചികിത്സ വേണ്ടവരുടെയും ആരോഗ്യ പരിരക്ഷ കൂടി പരിഗണിച്ചാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു.

ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രിയുടെ പട്ടിക ചുവടെ (ജില്ല, ആശുപത്രി എന്ന ക്രമത്തിൽ): തിരുവനന്തപുരം – ജനറൽ ആശുപത്രി, കൊല്ലം – ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പത്തനംതിട്ട – ജില്ലാ ആശുപത്രി കോഴഞ്ചേരി, ആലപ്പുഴ – ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി മാവേലിക്കര, കോട്ടയം – ജനറൽ ആശുപത്രി പാലാ, ജില്ലാ ആശുപത്രി കോട്ടയം, ഇടുക്കി – ജില്ലാ ആശുപത്രി തൊടുപുഴ, എറണാകുളം – ജനറൽ ആശുപത്രി എറണാകുളം, ജനറൽ ആശുപത്രി മൂവാറ്റുപുഴ, തൃശ്ശൂർ – ജനറൽ ആശുപത്രി തൃശ്ശൂർ, പാലക്കാട് – ജില്ലാ ആശുപത്രി പാലക്കാട്, താലൂക്ക് ആശുപത്രി ഒറ്റപ്പാലം, ഇസിഡിസി കഞ്ചിക്കോട്, മലപ്പുറം – ജില്ലാ ആശുപത്രി തിരൂർ, ജില്ലാ ആശുപത്രി നിലമ്പൂർ, കോഴിക്കോട് – ബീച്ച് ആശുപത്രി, വയനാട് – ട്രൈബൽ ആശുപത്രി, കണ്ണൂർ – ജില്ലാ ആശുപത്രി കണ്ണൂർ, ജനറൽ ആശുപത്രി തലശ്ശേരി, കാസർഗോഡ് – ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്.