നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ഹോട്ട് സ്‌പോട്ടായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകൾ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയും വാർഡ് നമ്പർ 37 ഉം ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.  ഈ പ്രദേശങ്ങളിൽ ഓഫീസുകൾ അടക്കമുള്ള പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കും.

രാവിലെ 7 മുതൽ ഉച്ചക്ക് രണ്ടു വരെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും. ഏതു സാഹചര്യത്തിലും കേരള തമിഴ്‌നാട് അതിർത്തിയിൽ ചരക്കുഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു. നെയ്യാറ്റിൻകര പി.ഡബ്‌ളിയു. ഡി. റസ്റ്റ് ഹൗസിൽ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. ആളുകളുടെ അന്തർ സംസ്ഥാന യാത്ര ആരംഭിക്കുമ്പോൾ ആവശ്യമാകുന്ന സംവിധാനങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അതിർത്തിയിലെ ഇഞ്ചി വിളയിൽ കളക്ടർ സന്ദർശനം നടത്തി.