* ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കർമ്മനിരതം
* യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കോവിഡ് കൺട്രോൾ റൂം ശനിയാഴ്ച (മേയ് 2) 100 ദിവസം പൂർത്തിയാക്കി. ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് സംസ്ഥാന കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്കായി വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവർത്തനം കൂടിയാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുന്നത്. സംസ്ഥാന കോവിഡ് കൺട്രോൾ റൂം 100 ദിനങ്ങൾ പിന്നിടുന്ന സമയത്ത് കോവിഡ് പ്രതിരോധത്തിനായി വിശ്രമമില്ലാതെ ഏകോപനം നടത്തിയ സ്റ്റേറ്റ് കൺട്രോൾ റൂമിലേയും ജില്ലാ കൺട്രോൾ റൂമുകളിലേയും എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന കോവിഡ് 19 കേരളത്തിൽ എത്തിയത് ജനുവരി 30നായിരുന്നെങ്കിലും അതിനും രണ്ടാഴ്ച്ച മുൻപ് തന്നെ ഇവിടെ കോവിഡിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമായത്. നിപയും പ്രളയവും നേരിട്ട അനുഭവ സമ്പത്തുമായാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഊർജ്വസ്വലരായ ഒരുപറ്റം ഡോക്ടർമാരുൾപ്പെയുള്ള ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെയുള്ള പോരാട്ടം ആരംഭിച്ചത്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൽ, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകൾ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനമാണ് സംസ്ഥാന കൺട്രോൾ റൂമിൽ നടക്കുന്നത്.
കോവിഡിനെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായുള്ള വിവിധ പ്രവർത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാൻ വേണ്ടി 18 കമ്മിറ്റികൾ രൂപീകരിച്ചു. ഇതേ മാതൃകയിൽ 14 ജില്ലകളും ടീമുകൾ രൂപീകരിക്കുകയും സംസ്ഥാന കൺട്രോൾ റൂമുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ വിഭാഗവും ഒരു നോഡൽ ഓഫീസറുടെയും റിപ്പോർട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേൽനോട്ടത്തിൽ ആണ് പ്രവർത്തനം നടത്തുന്നത്.

സംസ്ഥാന കൺട്രോൾ റൂമിലെ ഓരോ ദിവസവും ആരംഭിക്കുന്നത് തലേ ദിവസത്തെ പ്രവർത്തനവിശകലനം നടത്തിയും അന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കിയുമാണ്. ഇതിനുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ കൺട്രോൾ റൂമുകളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ചകൾ നടത്തുകയും സർക്കാർ തലത്തിൽ എടുക്കുന്ന തീരുമാനങ്ങളും ഉത്തരുവകുളും ജില്ലകളിൽ അറിയിക്കുകയും വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രോഗമുക്തിനേടുന്നവരുടെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങളും ഈ യോഗത്തിൽ വിശകലനം ചെയ്യുന്നു.

സംസ്ഥാന കൺട്രോൾ റൂം ഡോക്യുമെന്റേഷൻ ടീം ഇത്തരത്തിൽ മറ്റു ടീമുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് വിശകലനം നടത്തിയാണ് അതതു ദിവസത്തെ പ്രവർത്തന റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. ഇത് കൂടാതെ സംസ്ഥാനദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാവശ്യമുള്ളതും വിവിധ അവലോകന യോഗങ്ങൾക്ക് വേണ്ടിയും വിവരശേഖരണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിത്യേന ആരോഗ്യവകുപ്പിൽ നിന്നും ഡെയിലി ബുള്ളറ്റിൻ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു.

സംസ്ഥാന കൺട്രോൾ റൂമിലെ എല്ലാ കമ്മിറ്റികളും അവർക്ക് ലഭ്യമായ വിവരങ്ങൾ ശാസ്ത്രീയമായ വിശകലനങ്ങൾ നടത്തി ആവശ്യമായ മാർഗരേഖകൾ തയ്യാറാക്കി നൽകി വരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി ദൃശ്യശ്രവ്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകേണ്ട സന്ദേശങ്ങൾ തയ്യാറാക്കി നൽകുന്നു. എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോൺഫറൻസ് വഴി എല്ലാ ദിവസവും വൈകുന്നേരം കോവിഡ്-19 സംബന്ധിച്ച് വിദഗ്ധർ വിഷയാവതരണം നടത്തുന്നു.

നാളിതുവരെ സംസ്ഥാനതിനകത്തും പുറത്തുനിന്നുമായി സംശയ നിവാരണത്തിനായും ജില്ലകളിൽ നിന്നുള്ള വിവരശേഖരണവുമായി ബന്ധപ്പെട്ടും പതിനാറായിരത്തോളം ഇ-മെയിലുകൾ കൺട്രോൾ റൂമിലെക്ക് വരികയും സമയബന്ധിതമായി ഇവയ്ക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
ഈ കൺട്രോൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്ററുമുണ്ട്. പൊതുജനങ്ങൾക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾക്കും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോൾ സെന്ററിലെ നമ്പരുകൾ സജ്ജമാക്കി. ഇതുവരെ 15,000 ത്തോളം കോളുകളാണ് കോൾ സെന്ററിൽ വന്നത്. കോൾസെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കെ.എം.എസ്.സി.എൽ. എം.ഡി., ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യോഗത്തിന്റെ അവലോകനം നടത്തുന്നത്.