കേരള സര്‍ക്കാരിന്റെ തരിശുരഹിത കൃഷിഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മണ്ഡലത്തിലെ യോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷി ഇറക്കുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ 5 കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരുടെയും ജില്ലാ കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുടെ യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓഫീസില്‍ ചേര്‍ന്നു. കൃഷിയോഗ്യമായതും എന്നാല്‍ ഇപ്പോള്‍ തരിശായി കിടക്കുന്നതുമായി കൃഷിയിടങ്ങള്‍ കണ്ടെത്തി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഇതിനായി കാര്‍ഷികവൃത്തി ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ബ്രഹദ് പദ്ധതി തയ്യാറാക്കുവാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടക്കം എന്ന നിലയില്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും കൃഷിഭവനുകളും നഗരസഭയും ചേര്‍ന്ന് സൗജന്യമായി വിത്തും കുറഞ്ഞ നിരക്കില്‍ വളവും മറ്റു കൃഷി ഉപകരണങ്ങളും വിതരണം ചെയ്യും. ഇതിനായി ജില്ലാ കൃഷി ഓഫീസിലെ വാട്സ്ആപ്പും കഴക്കൂട്ടം, കടകംപള്ളി, ഉള്ളൂര്‍, ആറ്റിപ്ര, ശ്രീകാര്യം എന്നീ കൃഷി ഭവനുകളും പ്രയോജനപ്പെടുത്തും.
തരിശുരഹിത കൃഷിയിടമെന്ന രീതിയില്‍ ഇപ്പോള്‍ തന്നെ കഴക്കൂട്ടത്ത് നെല്‍കൃഷി വ്യാപകമായി ചെയ്തുവരികയാണ്. കഴക്കൂട്ടം കൃഷിഭവന്റെ കീഴില്‍ മാത്രം 22.5 ഏക്കറില്‍ നെല്‍കൃഷി ചെയ്തു വിളവെടുപ്പ് നടത്തി. മന്ത്രിയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം മറ്റിടങ്ങളിലും കൃഷി ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഒരു വര്‍ഷം കൊണ്ട് കഴക്കൂട്ടം സമ്പൂര്‍ണ്ണ തരിശുരഹിത മണ്ഡലമായി മാറ്റുന്നതിനുള്ള നടപടിയാണ് ആലോചിക്കുന്നത്. കോവിഡ് കാലത്തെ പ്രതിരോധിക്കുവാന്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അവര്‍ക്കൊരു പുതുജീവിതരീതി പകര്‍ന്നു നല്‍കുന്ന ഒന്നായി ഈ പ്രവര്‍ത്തികള്‍ മാറും എന്നാണ് കരുതുന്നത്. ഭൂമിയുടെ ഉടമസ്ഥരുമായി കൂടി ആലോചിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍ കൃഷി ഇറക്കുന്നതിനും ഇല്ലാത്ത പക്ഷം സ്വന്തമായി കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃഷി ചെയ്യുന്നതിനുള്ള സഹായങ്ങള്‍ ചെയ്തും കാര്‍ഷികവൃത്തിയില്‍ നൂറുമേനി കൊയ്യുന്ന മണ്ഡലമായി കഴക്കൂട്ടത്തെ മാറ്റുമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.