വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയില്‍ എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനായി സജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. അടൂര്‍ താലൂക്കിലെ ഏഴംകുളം എസ്.എന്‍.ഐ.ടി കോളജില്‍ 30 മുറികള്‍  ക്വാറന്റൈനായി സജീകരിച്ചിട്ടുണ്ട്. ശുചി മുറികളോടുകൂടിയ സംവിധാനമുള്ള മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
രാത്രിയും പകലും സെക്യൂരിറ്റിയും ക്വാറന്റൈന്‍ ചെയ്യുന്നവര്‍ക്കുള്ള ഭക്ഷണവും ഉള്‍പ്പെടെയുള്ള സജീകരണങ്ങള്‍ പഞ്ചായത്ത്തലത്തില്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. രോഗലക്ഷണമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള ആരോഗ്യപരമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും  ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
ക്വാറന്റൈന്‍ ചെയ്യുന്നവരുടെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കരുത്. കോവിഡ് കെയര്‍ സെന്ററില്‍ ആള്‍ക്കൂട്ടം അനുവദിക്കരുത്. മേല്‍നോട്ടം വഹിക്കുന്നതിനായി കൃത്യമായ ആളുകളെ ക്രമീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കോഴഞ്ചേരി പൊയ്യാനില്‍ നേഴ്‌സിംഗ് കോളജ്, കോഴഞ്ചേരി പാര്‍ത്ഥസാരഥി ടൂറിസ്റ്റ് ഹോം, കോന്നി മണ്ണീറ ടൂറിസ്റ്റ് ഹോം എന്നിവടങ്ങളിലായി സജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളാണ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് വിലയിരുത്തിയത്.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ലത, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ആര്‍.ഡി.ഒ പി.ടി. എബ്രഹാം, തുടങ്ങിയവര്‍ പങ്കെടുത്തു.