കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് കെയര്‍ സെന്ററുകള്‍  കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ പി.ബി നൂഹും സന്ദര്‍ശിച്ചു. പതിനൊന്ന് കോവിഡ് കെയര്‍ സെന്ററുകളാണ് നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്ത് പ്രവാസികളെ ക്വാറന്റൈയിന്‍ ചെയ്യാന്‍ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായോ എന്നു പരിശോധിക്കാനാണ് എം.എല്‍.എയും കളക്ടറും സന്ദര്‍ശനം നടത്തിയത്.
താലൂക്ക്തല കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായ കോന്നി ടി.വി.എം ഹോസ്പിറ്റലിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് കെയര്‍ സെന്ററുകളിലേക്കുള്ള ചുമതലക്കാരുടെ നിയമനവും പൂര്‍ത്തിയായി. അവര്‍ക്കുള്ള പരിശീലനവും നടന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിന്റെ തീരുമാനപ്രകാരം ഫയര്‍ഫോഴ്‌സ് എല്ലാ കോവിഡ് കെയര്‍ സെന്ററുകളിലും അണുനാശിനി തളിച്ച് ശുചീകരിച്ചു.
ആങ്ങമൂഴി മര്‍ത്തോമാ റിന്യൂവല്‍ സെന്ററില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്സിനൊപ്പം എം.എല്‍.എയും മറ്റു ജനപ്രതിനിധികളും വൈദികരും വോളന്റിയര്‍മാരും പങ്കെടുത്തു. അണുനാശിനി തളിച്ച് സെന്ററുകള്‍ ശുചീകരിച്ചതോടെ ക്വാറന്റൈയിന്‍ നടത്താവുന്ന പൂര്‍ണ്ണമായ സ്ഥിതിയിലേക്ക് കോവിഡ് കെയര്‍ സെന്ററുകള്‍ മാറി.
            ആങ്ങമൂഴി മര്‍ത്തോമാ റിന്യൂവല്‍ സെന്റര്‍ ശുചീകരണത്തില്‍ എം.എല്‍.എയെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആര്‍.പ്രമോദ്, ഫാദര്‍ ജയ്‌സണ്‍.ടി.വര്‍ഗീസ്, ഫാദര്‍ പി.എ.ഏബ്രഹാം, ഫാദര്‍ ജോബി ജോണ്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.