പാലക്കാട്: റിയാദ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും മെയ് എട്ടിന് രാത്രി 8.03 നും 11.30 നും രണ്ട് വിമാനങ്ങളിലായി കരിപ്പൂര്‍, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പാലക്കാട്ടുകാരില്‍ എട്ട് പേരെ നിരീക്ഷണത്തിനായി ചെര്‍പ്പുളശ്ശേരിയിലെ കോവിഡ് കെയര്‍ സെന്ററായ ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
റിയാദില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാലക്കാട് നിന്നുള്ള ആറുപേരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹറിനില്‍ നിന്നും 14 പേരും അടക്കം 20 പാലക്കാട്ടുകാരാണ് തിരിച്ചെത്തിയത്. എല്ലാവരെയും എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങിന് വിധേയരാക്കി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ എട്ട് പേരെയാണ് ശങ്കര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പരിശോധനയ്ക്കുശേഷം ഗര്‍ഭിണികള്‍, രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ എന്നിവരെ അവരുടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നെടുമ്പാശ്ശേരിയില്‍ നിന്നും വന്നവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളും മൂന്നുപേര്‍ അടിയന്തിര ചികിത്സയ്ക്കായി വന്നവരും തൊഴില്‍ നഷ്ടപ്പെട്ട അഞ്ചുപേരും വിസ കാലാവധി കഴിഞ്ഞ ഒരാളും മറ്റ് മൂന്നുപേരുമാണ് ഉള്ളത്.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയവരില്‍ മൂന്ന് ഗര്‍ഭിണികളും പ്രായമായ ഒരു സ്ത്രീയും വിസിറ്റിംഗ് വിസയില്‍ പോയി വിസ കാലാവധി കഴിഞ്ഞ് രണ്ടുപേരും ആണ് ഉള്ളത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (മെയ് എഴ്, എട്ട്) വിദേശത്ത് നിന്നുമെത്തിയ 18 പേരാണ് ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലുള്ളത്.