മുഖമേതായാലും മുഖാവരണം മുഖ്യം
ഇടുക്കി: സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം സജീവമായി. വിവിധ പഞ്ചായത്തുകളുമായി സഹകരിച്ചാണ് കുടുംബശ്രീ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. സമ്പര്‍ക്കവിലക്കിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട കുടുംബശ്രീയുടെ വസ്ത്ര നിര്‍മ്മാണ സംരഭക സ്ഥാപനങ്ങളാണ് മാസ്‌ക് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കുടുംബശ്രീ മുഖേന മിതമായ നിരക്കില്‍ പുനരുപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകളാണ് വിതരണത്തിനെത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിരോധ പ്രവര്ത്തനത്തിലേര്പ്പിട്ടിരു ന്ന പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു.
രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മാസ്‌കുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പദ്ധതി പല പഞ്ചായത്തുകളിലും നടന്നുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ 12 വ്സത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ വിപുലമായി മാസ്‌ക് നിര്‍മ്മാണം നടക്കുന്നുണ്ട്. കൂടാതെ നിരവധി ചെറുകിട തയ്യല്‍ യൂണിറ്റുകളും മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള പുനരുപയോഗിക്കാവുന്ന മാസ്‌കുകളാണ് കുടുംബശ്രീ നിര്‍മിക്കുന്നത്. ഒരുപാളി തുണിയില്‍ നിര്‍മിക്കുന്ന മാസ്‌കിന് എട്ടു രൂപ മുതല്‍ പത്തു രൂപ വരെയും, രണ്ടു പാളിയുള്ളതിന് 12 മുതല്‍ 15 രൂപയുമാണ് വില. തുണിയുടെ നിലവാരത്തിനനുസരിച്ച് വിലയില്‍ മാറ്റം വരും.
ഉയര്‍ന്ന ഗുണനിലവാരമുള്ള കോട്ടണ്‍ തുണിയില്‍ നിര്‍മിക്കുന്ന മാസ്‌ക് സ്റ്റെറിലൈസ് ചെയ്ത് പുനരുപയോഗിക്കുകയും ചെയ്യാം. കൂടാതെ നെടുങ്കണ്ടം, ഇടവെട്ടി എന്നിവിടങ്ങളിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ മുഖേന മാസ്‌ക് പൊതുവിപണിയിലും എത്തിക്കുന്നുണ്ട്. വിവിധ സംഘടനകളും സ്വകാര്യ ആശുപത്രികളും കുടുംബശ്രീയുടെ മാസ്‌കില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പഞ്ചായത്തില്‍ രണ്ടും കരുണാപുരം പഞ്ചായത്തില്‍ ഒരു മാസ്‌ക് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. നെടുംങ്കണ്ടത്തെ ക്യൂട്ട് വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ 20 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
സമ്പര്‍ക്ക വിലക്കിനെ തുടര്‍ന്ന് സാമൂഹിക അകലം പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതമാണ് ജോലി ചെയ്യുന്നത്. ഇതുവരെ ഇവിടെ നിന്ന് അന്‍പതിനായിരത്തോളം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി. കരുണാപുരം പഞ്ചായത്തിലെ ബാലഗ്രാം ധനലക്ഷ്മി അപ്പാരല്‍ പാര്‍ക്കില്‍ സമീപവാസികളായ 8 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
മാസ്‌ക് നിര്‍മ്മാണത്തിന് പുറമേ സപ്ലൈകോയിലേക്ക് ആവശ്യമായ രണ്ടായിരത്തോളം തുണി സഞ്ചികളും ഇവിടെ നിന്ന് നിര്‍മ്മിച്ച് നല്‍കി. നെടുങ്കണ്ടം പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പോലീസ്, ആരോഗ്യ, സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുമായി ഒരു ലക്ഷത്തോളം മാസ്‌ക് വിതരണം ചെയ്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം പറഞ്ഞു. കരുണാപുരം പഞ്ചായത്തില്‍ 17 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലുമായി 30,000 പേര്‍ക്ക് മാസ്‌ക് വിതരണം ചെയ്തു.