പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികളും വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ 61 മെഡിക്കല്‍ ഓഫീസര്‍മാരുമായാണ് ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

കോവിഡ് റെഡ് സോണില്‍ നിന്നുമെത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പരിധിയില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനത്തെ കുറിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ വിശദീകരിച്ചു. കോവിഡ് കെയര്‍ സെന്ററുകളുടെ സജ്ജീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. കൂടാതെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എടുത്തിട്ടുള്ള നടപടികളും ജില്ലാ കളക്ടര്‍ അവലോകനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എബിസുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി എന്നിവര്‍ പങ്കെടുത്തു.