സംസ്ഥാനത്തെ വനപ്രദേശങ്ങളേയും ഇക്കോ ടൂറിസം സെന്ററുകളേയും മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കിവരുന്ന ഗ്രീൻഗ്രാസ് പദ്ധതിയെ അധികരിച്ച് തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വനംമന്ത്രി അഡ്വ. കെ. രാജു ആദ്യപ്രതി ഏറ്റുവാങ്ങി.
വകുപ്പുതല സംയോജനത്തിലൂടെയും ബഹുജന പങ്കാളിത്തത്തോടെയും വനമേഖല  മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ആവിഷ്‌കരിച്ച ഗ്രീൻഗ്രാസ് പദ്ധതിയുടെ ആവിർഭാവവും പ്രവർത്തനമികവും വ്യക്തമാക്കുന്നതാണ് കോഫി ടേബിൾ ബുക്ക്.
വനങ്ങളോട് ചേർന്നു കിടക്കുന്ന ജനവാസകേന്ദ്രങ്ങളിലുണ്ടാകുന്ന മാലിന്യങ്ങളിൽ ഏറിയപങ്കും വനപാതയോരങ്ങളിൽ നിക്ഷേപിക്കുന്നതായും ഇത് ജലസ്രോതസ്സുകളുടെയും വന്യജീവികളുടെയും നാശമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് വനം വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടക്കം. കൂടുതൽ മാലിന്യം നിക്ഷേപിക്കപ്പെടുന്നതായി കണ്ടെത്തിയ 47 പഞ്ചായത്തുകളിലെ 125 പോയന്റുകളിൽ 2018 സെപ്തംബർ നാലിന് പദ്ധതിക്കു തുടക്കമായി. രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരം ടൺ മാലിന്യമാണ് പദ്ധതിയുടെ ഭാഗമായി വനങ്ങളിൽ നിന്ന് നീക്കം ചെയ്തത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ  വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെയാണ് ഗ്രീൻ ഗ്രാസ് പദ്ധതി നടപ്പാക്കി വരുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്റ്റിയറിങ് കമ്മറ്റിയും വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനും പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ടൂറിസം വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായി ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും അവലോകനയോഗം ചേർന്നാണ് തുടർപ്രവർത്തനങ്ങൾ നടത്തിവരുന്നത്.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും ഉറപ്പാക്കാൻ വനം, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളോടൊപ്പം പൊതുജനങ്ങളും സന്നദ്ധസംഘടനകളും ജാഗരൂകരായി രംഗത്തുണ്ട്. കൃത്യമായ ഓഡിറ്റിംഗ് സംവിധാനം ഉറപ്പാക്കാൻ നടപടികളും സ്വീകരിച്ച് വരുന്നു. സ്‌കൂൾ കൂട്ടികളടക്കം സമൂഹത്തിന്റെ നാനാ തുറയിൽപ്പെട്ടവരും  പദ്ധതി നടത്തിപ്പിൽ പങ്കാളികളാണ്. മാലിന്യസംസ്‌കരണത്തിന്റെപ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും ഇതിനായുള്ള യജ്ഞത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും  വർഷത്തിൽ ഒരു ദിവസം ‘ഗ്രീൻഗ്രാസ് ഡേ’ ആയി ആചരിക്കാനും ആലോചനയുണ്ട്.
മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ടൂറിസം സെക്രട്ടറി റാണി ജോർജ്, മുഖ്യ വനം മേധാവി പി.കെ.കേശവൻ, ശുചിത്വമിഷൻ എക്സി.ഡയറക്ടർ മിർ മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു.