ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കാൻ അവസരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലെ മൂന്നും നാലും വോള്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.  മൂന്നാം വോള്യം ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും നാലാം വോള്യം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനും നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്നിഹിതനായി.
അക്ഷരവൃക്ഷം പദ്ധതിയിലേക്ക് 50,000 ൽപരം രചനകളാണ് ലഭിച്ചത്.

ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്തവയാണ് എസ്.സി.ഇ.ആർ.ടി. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. 283 കവിതകൾ, 204 കഥകൾ, 154 ലേഖനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ., എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ.ജെ. പ്രസാദ് എന്നിവർ സംബന്ധിച്ചു.