ജീവിത ശൈലിയിലും ആഹാരത്തിലും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ക്രമീകരണത്തിലൂടെ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിവിധ നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന ബോധവത്കരണ ക്ലാസുകളാണ് പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തികളുടെ ശാരീരിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. അതിനാല്‍ ഋതുക്കള്‍ മാറുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ശരിയായ ദഹനം നടക്കാതിരുന്നാല്‍ പ്രതിരോധശേഷി കുറയും. ഇത് പെട്ടെന്ന് സാംക്രമിക രോഗങ്ങളുണ്ടാകാന്‍ സാഹചര്യമൊരുക്കുമെന്നും ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തി.
ദഹനശേഷി കൂട്ടുന്നതിന് താഴെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാം.

* ഔഷധ കഞ്ഞികള്‍ ദഹനശേഷിയും പ്രതിരോധ ശേഷിയും മെച്ചപ്പെടുത്തും
* അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ കൊണ്ടുളള ലഘു ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.
* എളുപ്പത്തില്‍ ദഹിക്കുന്നതും പോഷക സമൃദ്ധവുമായ ചെറുപയര്‍ ദിവസവും ആഹാര ത്തില്‍ ഉള്‍പ്പെടുത്താം.
* പഞ്ചകോല ചൂര്‍ണ്ണം പൊടിച്ചിട്ട മോര് ഭക്ഷണത്തിനൊപ്പം ശീലിക്കാം.
* വിശപ്പ് കുറവുളളവര്‍ക്ക് ഇന്തുപ്പു ഇഞ്ചിയും ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കഴിക്കാം.
* കാലാവസ്ഥയ്ക്ക് അനുസരിച്ച് ആയുര്‍വേദത്തില്‍ വിവധ സൂപ്പുകള്‍ ഉപയോഗിക്കാം.
* ബേക്കറി പലഹാരങ്ങള്‍, തൈര്, മാംസാഹാരം തുടങ്ങി ദഹന പ്രക്രിയയ്ക്ക് സമയമെടു ക്കുന്നവ വര്‍ജിക്കണം.
* പകല്‍ ഉറങ്ങുന്നത് ദഹനശേഷി കുറയ്ക്കും കഫജന്യ രോഗങ്ങള്‍ക്കും കാരണമാകും.
* ദഹനം ശക്തിപ്പെടുത്തുന്നതിനുളള രസായന ഔഷധകൂട്ടുകളും ഉപയോഗിക്കാം.

എല്ലാ പനിക്കും ഒരേ ഔഷധം എന്ന കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി ഓരോ രോഗിയുടെയും രോഗാവസ്ഥയും ദേഹ പ്രകൃതിയും കൂടി കണക്കിലെടുത്ത് ഉചിതമായ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയാണ് ആയുര്‍വേദ ചികിത്സ പൂര്‍ണമാകുന്നതെന്നും ബോധവത്കരണ ക്ലാസുകള്‍ ഓര്‍മ്മിപ്പിച്ചു. ഫെബ്രവരി 12 ന് ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ തുടങ്ങിയ ബോധവത്കരണ ക്ലാസുകളില്‍ അതത് പ്രദേശത്തെ ആയുര്‍വേദ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. വൃദ്ധരും യുവാക്കളും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകരും സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളുമടങ്ങുന്ന സദസ്സുകള്‍ ചോദ്യോത്തരങ്ങള്‍ കൊണ്ട് സജീവമായി. ബോധവത്കരണ ക്ലാസുകള്‍ ഫെബ്രുവരി 17 ന് സമാപിക്കും.