കരുതലിന് മാതൃകയായി കാസാ മരിയ
“വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായാണ് എല്ലാവരും മടങ്ങുന്നത്. മികച്ച താമസ സൗകര്യവും ഭക്ഷണവും ലഭിച്ചതിന് ജില്ലാഭരണകൂടത്തിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ഇവിടുത്തെ വൈദികര്‍ക്കും നന്ദി” – പേരൂര്‍ കാസാ മരിയ സെന്‍ററില്‍നിന്ന് പുറപ്പെടും  മുമ്പ് ഡോ. മുരളീകൃഷ്ണന്‍ പറഞ്ഞു.
 കോട്ടയം മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിഭാഗം മേധാവിയായ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തശേഷം മെയ് ഒന്നു മുതല്‍ ഇവിടെ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.
നിരീക്ഷണ കാലം അവസാനിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലായിരുന്നു മടക്കം. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും, ആര്‍.എം.ഒ ആര്‍.പി രഞ്ജിനും ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തി. കാസ മരിയ സെന്‍ററിലെ ഫാ. ജോബി വട്ടക്കുന്നേല്‍, ഫാ. സജി മുതിരേന്തിക്കൽ, ഫാ. ഷാജി പല്ലാട്ടുമഠത്തില്‍ എന്നിവര്‍ക്ക്  നന്ദി പറഞ്ഞാണ് എല്ലാവരും വാഹനത്തില്‍ കയറിയത്.
ജില്ലയില്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ച കോവിഡ് നിരീക്ഷണ കേന്ദ്രമായ കാസ മരിയ സെന്‍ററില്‍ നാലു വിദേശ പൗരന്‍മാര്‍ താമസിക്കുമ്പോഴാണ് മെഡിക്കല്‍ കോളേജ് സംഘം എത്തിയത്. വിദേശികളും ഇവിടെ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളില്‍ സംതൃപ്തി അറിയിച്ചാണ് മടങ്ങിയത്.
 നിരീക്ഷണ കേന്ദ്രത്തില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ മെഡിക്കല്‍ സംഘത്തെ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍,  ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍,  മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ജിന്‍, സാംക്രമിക രോഗചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാര്‍,  നഴ്സിംഗ് ഓഫീസര്‍ ഇന്ദിര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാസര്‍കോട്ടെ അനുവഭങ്ങള്‍ ഡോ. മുരളീകൃഷ്ണന്‍ പങ്കുവച്ചു.
അനുവദിക്കപ്പെട്ടിട്ടുള്ള അവധി പൂര്‍ത്തിയായ ശേഷം സംഘാംഗങ്ങള്‍ ഈ മാസം 25ന് ജോലിയില്‍ പ്രവേശിക്കും.