രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 80 പേർ
കേരളത്തിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട് ജില്ലയിൽനിന്ന് അഞ്ചുപേർക്കും, മലപ്പുറം ജില്ലയിൽനിന്ന് നാലുപേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നും രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽനിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 576 രോഗികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 80 പേർ ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 48,287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 42,201 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 40,639 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4630 സാമ്പിളുകൾ ശേഖരിച്ചതിൽ 4424 സാമ്പിളുകൾ നെഗറ്റീവ് ആയി.
നിലവിൽ 16 ഹോട്ട്സ്പോട്ടുകളാണ് കേരളത്തിലുള്ളത്.