വിദ്യാര്‍ഥികള്‍ക്ക്  പഠനത്തിനൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിലേക്കും വഴി തുറക്കുന്ന കര്‍മ പരിപാടിയുടെ സാധ്യതകള്‍ വ്യക്തമാക്കി മാധ്യമ ശില്പശാല. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) 22 മേഖലകളിലായി നടത്തുന്ന നൂറ് വ്യത്യസ്ത കോഴ്‌സുകളെക്കുറിച്ച് പരിപാടിയില്‍ വിശദീകരിച്ചു. ജില്ലയില്‍ ഒമ്പത് പഠന കേന്ദ്രങ്ങള്‍ വഴി 105 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.
ഹോട്ടല്‍ തുഷാര ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ശില്പശാല ഉദ്ഘാടനം ചെയ്തു. സ്വന്തം കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് അസാപിന്റെ കോഴ്‌സുകള്‍ പുതുതലമുറയക്ക് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. അസാപിന്റെ സേവനത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നത് മികച്ച ഭാവിയിലേക്ക് ചുവടുവയ്ക്കാന്‍ ചെറുപ്പക്കാര്‍ക്ക് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. അസാപ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഷോബിദാസ് പദ്ധതി വിശദീകരണം നടത്തി.  പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദീപ് ആമുഖ പ്രഭാഷണം നടത്തി.
അസാപിന്റെ മധ്യവേനല്‍ തൊഴില്‍ നൈപുണ്യ പരിശീലനം (സമ്മര്‍ സ്‌കൂള്‍) ഏപ്രില്‍ രണ്ടിന് തുടങ്ങും. ഫെബ്രുവരി 18ന് വൈകുന്നേരം ആറുവരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ www.asapkerala.gov.in വെബ്‌സൈറ്റിലും 9633582236, 9495999706, 9496817619,9995925844 എന്നീ നമ്പരുകളിലും ലഭിക്കും