വിദ്യാര്‍ഥികള്‍ക്കിടയില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന ബോധവത്കരണ പരിപാടിയായ കലാലയ ജ്യോതി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയെ ആത്മവിശ്വാസവും കരുത്തുമുള്ളവരാക്കുന്നതിനാണ് സംസ്ഥാന തലത്തില്‍ കലാലയ ജ്യോതി സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ആരോഗ്യമുള്ള മനസ്സാണ് പൗരന്റെ കരുത്ത്. നാളെയുടെ പൗരന്മാര്‍ തളര്‍ന്നാല്‍ സമൂഹവും രാജ്യവുമാണ് തളരുക. മാതാവിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നു നില്‍ക്കാനുള്ള കമ്മീഷന്റെ പ്രതിബദ്ധതയാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. കമ്മീഷനംഗം ഇ.എം. രാധ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് നാരായണന്‍ കളവയല്‍ അധ്യക്ഷത വഹിച്ചു. സൈബര്‍ നിയമങ്ങളെക്കുറിച്ച് അഡ്വ. ശ്യമാളകുമാരി ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ഹെഡ്മിസ്ട്രസ് പ്രേമലത, ശാന്തകുമാരി, സുശീല, കെ.കെ. നാരായണന്‍, കെ.വി. ഭാസ്‌കരന്‍, രാജശ്രീ, സരോജിനി എന്നിവര്‍ സംസാരിച്ചു.